Saturday, June 20, 2015

ഉണ്ടോ സഖി ഒരു കുല മുന്തിരി,

ഉണ്ടോ സഖി ഒരു കുല മുന്തിരി, വാങ്ങിടുവാനായ് നാലണ കയ്യില്‍,
ഉണ്ട് പ്രിയേ ഖല്‍ബില്‍ ഒരാശ മുന്തിരി തിന്നുടുവാന്‍..

ഈ വരികള്‍ കേള്‍ക്കാത്ത മലയാളി മുസ്ലിംകള്‍ കുറവായിരിക്കും. പക്ഷെ ഈ ഈരടികള്‍ മൂളുകയും ആസ്വദിക്കുകയും ചെയ്യുന്ന പലര്‍ക്കും അതിനു പിന്നിലെ മഹത്തായ ചരിത്രം അറിവില്ലായിരിക്കും.
രണ്ടാം ഉമര്‍ എന്നാ അപര നാമത്തിലും ഇസ്ലാമിലെ അഞ്ചാം ഖലീഫയായി അറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിന്റെ സവിശേഷമായ ജീവിത രീതി അനാവരണം ചെയ്തതാണ് പ്രസ്തുത ഈരടികളിലെ പ്രതിപാദ്യ വിഷയം. വളരെ സമ്പന്നമായ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്‌.ഈജിപ്ത്തിലെ ഗവര്‍ണര്‍ ആയിരുന്നു പിതാവ്.അത് കൊണ്ട് തന്നെ സുഖ സൌകര്യങ്ങള്‍ക്കിടയില്‍ വളരെ പ്രൌഢമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.
എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണാധികാരം കയ്യില്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിത രീതി അപ്പാടെ മാറി.ഖലീഫ ആയി ബൈഅത്ത് ചെയ്യപ്പെട്ട് ജനങ്ങളോട് പ്രസംഗം നിര്‍വഹിക്കാന്‍ മിമ്പറിലേക്ക് നടക്കുമ്പോള്‍ തന്റെ ചുമലില്‍ വന്ന ഉത്തരവാദിത്വ ബോധാമോര്‍ത്ത് അദേഹത്തിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു . പ്രസംഗ ശേഷം അദ്ദേഹത്തിനു തൊട്ടു മുന്‍പത്തെ ഖലീഫമാരെപോലെ താമസിക്കാന്‍ സജ്ജമാക്കിയ കൊട്ടാരത്തിലേക്ക് ആനയിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം ഹാജരാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.ഞാന്‍ സാധാരണ മുസ്ലിം ജനങ്ങളില്‍ ഒരാള്‍ മാത്രമാണ്.ഞാന്‍ അവരെ പോലെ പോകുകയും വരുകയും ചെയ്തു കൊള്ളാം.തന്റെ പ്രജകളിലെ പരമ ദരിദ്രന്‍ ആയ പൌരനേക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.എല്ലാ വിധ ആര്‍ഭാടങ്ങളോടും വിട പറഞ്ഞു രാജകൊട്ടാരം ഉപേക്ഷിച്ചു.പിന്നെ പിതാവും സഹോദരനുമടക്കം ഭരണരംഗം കൈയാളുന്നവരും രാജകീയ സുഖ സൌകര്യങ്ങളില്‍ ജീവിച്ചവളുമായ തന്റെ സഹധര്‍മ്മിണി ഫാത്തിമയോട് അദ്ദേഹം ചോദിച്ചു. "ഞാനിതാ എന്നെ അല്ലാഹുവിനു വില്‍പന നടത്തിയിരിക്കുന്നു.ആ നിലക്ക് (ആ നിലയില്‍ ഒരു ജീവിത രീതിയുമായി) നിനക്കെന്റെ കൂടെ നില്‍ക്കണമെങ്കില്‍ നില്‍ക്കാം. അതല്ലെങ്കില്‍ നിന്റെ കുടുമ്പത്തിലേക്ക് തിരിച്ചു പോകാം.നീ ധരിച്ചിരിക്കുന്ന ഈ ആഭരണങ്ങള്‍...നിനക്കറിയുമോ നിന്റെ പിതാവ് എവിടെ നിന്നാണത് നല്‍കിയതെന്ന്.അതെല്ലാം ബൈത്തുല്‍ മാലിലെക്ക് നല്‍കുക, അല്ലാഹുവാണ് സത്യം ..ഇന്ന് മുതല്‍ ഞാനും ആഭരണങ്ങളും ഒരു വീട്ടില്‍ ശരിയാകുകയില്ല."

ഭൌതിക ജീവിതത്തിന്റെ നശ്വരതയും പാരത്രീക ജീവിതത്തിന്റെ അനശ്വരതയുംമനസ്സിലാക്കി അല്ലാഹുവിന്റെയടുത്തുള്ളത് തെരഞ്ഞെടുത്ത ആ മഹതി പറഞ്ഞു.
"അതെ ഞാന്‍ അത് ബൈത്തുല്‍ മാലിലെക്ക് തിരിച്ചു നല്‍കുന്നു.ജീവിതമാകട്ടെ അങ്ങയോടോത്തും.പരലോക ഭവനം ആണല്ലോ ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും,

ഒരു വെള്ളിയാഴ്ചദിവസം അദ്ദേഹത്തിന്റെ ആവേശകരവും പഠനാര്‍ഹാവുമായ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ നേരത്തെ തന്നെ പള്ളിയില്‍ എത്തുക പതിവായിരുന്നു.പക്ഷെ അന്ന് അദ്ദേഹം നിശ്ചിത സമയത്ത് എത്തിയില്ല.ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍.. ഏന്താണ് ഖലീഫയെ കാണാത്തത്.അല്പം കഴിഞ്ഞു ഓടിക്കിതച്ചു എത്തിയ ഖലീഫ ജനങ്ങളോട് ക്ഷമാപണം നടത്തി.ഇതിലെന്താണ് ഇത്ര കാര്യമാക്കാന്‍ എന്നാകുംചിലര്‍ ആലോചിക്കുന്നത്,സമയത്ത് വന്നു ഖലീഫ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണ്ടേ എന്നാകും മറ്റു ചിലര്‍.പക്ഷെ കഴുകിയിട്ട വസ്ത്രം ഉണങ്ങാന്‍ താമസിച്ചതിനാലാണ് തങ്ങളുടെ ഖലീഫ വൈകിയാതെന്നും അദ്ദേഹത്തിനു ധരിക്കാന്‍ വേറെ വസ്ത്രം ഇല്ലെന്നും അറിഞ്ഞ ആ സദസ്സ്യരുടെ കണ്ണ് നിറഞ്ഞു. ആര്‍ഭാട പൂര്‍വമായ ജീവിതം നയിച്ച ഉമര്‍ ബ്നു അബ്ദുല്‍ അസീസിന്റെ ഈ മാറ്റം ആരെയാണ് കണ്ണ് നിറയ്ക്കാതിരിക്കുക.

ഒരിക്കല്‍ അദ്ദേഹത്തിനു മുന്തിരി തിന്നാന്‍ ഒരു ആഗ്രഹം . രാജ്യത്തിന്റെ അധികാരം കയ്യിലിരിക്കുന്ന ആ ഖലീഫയുടെ കയ്യില്‍ തന്റെ ആഗ്രഹ പൂര്ത്തീകരണത്തിനായി ഒരു കുല മുന്തിരി വാങ്ങാന്‍ ഉള്ള പണം കയ്യില്‍ ഇല്ലായിരുന്നു.. അദ്ദേഹം തന്റെ ഭാര്യയോട് തന്റെ ആഗ്രഹം അവതരിപ്പിക്കുന്നതാണ് ,അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഉപരി സൂചിത ഈരടികളിലെ വിഷയവും
ഇത് മനസ്സിലാക്കിയ ശേഷം ഈ വരികള്‍ ഒന്ന് വായിക്കൂ...

ഉണ്ടോ സഖി ഒരു കുല മുന്തിരി, വാങ്ങിടുവാനായ് നാലണ കയ്യില്‍,
ഉണ്ട് പ്രിയേ ഖല്‍ബില്‍ ഒരാശ മുന്തിരി തിന്നുടുവാന്‍..
അങ്ങ് ആര് എന്നറിയില്ലേ? അങ്ങ് ഈ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ
യാചകന്‍ ആണെന്നോ?
പ്രാണസഖി നന്നായറിയാം, ഞാനീ നാട്ടിലമീറാണെന്നു..
എന്നാലും എന്റെതായി ഒരു ദിര്‍ഹവും ഇല്ല പ്രിയേ....
മനോഹരമായ ഈ വരികള്‍ മൂളുന്ന പലര്‍ക്കും ഇതിനു പിന്നിലെ ചരിത്രം അറിയില്ല.

ഉമര്‍ബ്നു അബ്ദുല്‍ അസീസ്‌, ആരായിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറച്ച് സംഭവം കൂടി പറയാം
ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് കയറിച്ചെന്ന കഅബുല്‍ അര്ളീ അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി.വിവര്‍ണ്ണമായ മുഖം. മെലിഞ്ഞു ഒട്ടിയ ശരീരം ഒരു പര്‍വതം തന്റെ ചുമലില്‍ ഉള്ള പോലെ. അദ്ദേഹം ചോദിച്ചു.. അല്ലയോ ഉമര്‍ എന്തൊരു വിപത്താണ് നിങ്ങളെ ബാധിച്ചത്.ഖുറൈശീ യുവക്കളിലെ അതി സുന്ദരന്‍ ആയിരുന്നല്ലോ താങ്കള്‍?.മിനുസമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയും മാര്‍ദവമേറിയ വിരിപ്പുകളില്‍ ശയിക്കുകയും ചെയ്തിരുന്ന പ്രശോഭിതമായ ഒരു ശരീരത്തിനുടമയായ സുന്ദര ജീവിതം നയിച്ചിരുന്ന അങ്ങേക്ക് എന്ത് പറ്റി? അല്ലാഹുവാണ് സത്യം മറ്റു വല്ല സ്ഥലത്ത് വെച്ചാണ് അങ്ങയെ കണ്ടു മുട്ടിയിരുന്നതെങ്കില്‍ അങ്ങയെ ഞാന്‍ തിരിച്ചറിയില്ലായിരുന്നു. ഇത് കേട്ടു ഉമര്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു.. എന്നാല്‍ മരിച്ചു മറമാടിയ ശേഷമാണ് നിങ്ങളെന്നെ കാണുന്നതെങ്കില്‍ .. കണ്ണുകള്‍ അടര്‍ന്നു കുഴിവീണ മുഖവും പുഴുക്കള്‍ താമസമാക്കിയ ശരീരവും ഇന്നുള്ളതിനേക്കാള്‍ താങ്കള്‍ക്ക് അപരിചിതത്വം ഉണ്ടാക്കുമായിരുന്നു. ഇത്രയും തിരിച്ചറിയാനും സാധിക്കുമായിരുന്നില്ല. ഇത് കേട്ടു ആ സദസ്സ് മുഴുവന്‍ കരഞ്ഞു.
മരണാസന്ന സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രം ഒന്ന് കഴുകി വൃത്തിയാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയോടുആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു മാറിയുടുക്കാന്‍ വേറെ ഒരു വസ്ത്രം ഇല്ലെന്നാണ് മഹതി പറഞ്ഞത്.

ഒരിക്കല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത മുതല്‍ ഓഹരി വെക്കുകയായിരുന്നു ഉമര്‍.അപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമോന്‍ അതില്‍ നിന്നും ഒരു ഫലം എടുത്തു വായിലിട്ടു.ഉടനെ അവന്റെ വായില്‍ നിന്ന് ആ ഫലം അദ്ദേഹം പിടിച്ചുവാങ്ങി. ആ മോന്‍ കരഞ്ഞു കൊണ്ട് ഉമ്മയുടെ അടുത്തേക്ക് ഓടി.അവര്‍ കടയിലേക്ക് ആളെ വിട്ടു അത് പോലെത്തെ ഒന്ന് അവനു വാങ്ങികൊടുത്തു. തിരിച്ചു വന്ന ഉമര്‍ കുഞ്ഞിന്റെ അടുത്ത് ഫലം കണ്ടപ്പോള്‍ പരിഭ്രാന്തനായി. അദ്ദേഹം ഭാര്യയോട് ചോദിച്ചു. ഫാത്തിമാ യുദ്ധ മുതലില്‍ നിന്ന് വല്ലതും നിനക്കും കിട്ടിയോ? ആ മഹതി സംഭവിച്ചത് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിനു സമാധാനം ആയത്. അദ്ദേഹം പറഞ്ഞു.
എന്റെ മോനില്‍ നിന്നും ഞാന്‍ അത് പിടിച്ചു വാങ്ങുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ മുസ്ലിംകള്‍ക്ക് അവകാശപെട്ട യുദ്ധ മുതലില്‍ നിന്ന് ഈ ഫലം മൂലം അല്ലാഹുവിന്റെ അടുക്കല്‍ എന്റെ വിഹിതം നഷ്ടപ്പെടുന്നതിനെ ഞാന്‍ വെറുത്തു ''

വര്‍ത്തമാന കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത ലളിത ജീവിതം നയിച്ച മഹാന്‍ ആണ് ഉമര്‍ബ്നു അബ്ദുല്‍ അസീസ്‌,
നമുക്ക് ഒരു പാട് കണ്ടു പഠിക്കാന്‍ ഉണ്ട് അദ്ദേഹത്തില്‍ നിന്ന്..നമ്മുടെ സഹോദരിമാര്‍ക്ക് ഒരു പാട് മനസ്സിലാക്കാന്‍ ഉണ്ട് അദ്ദേഹത്തിന്റെ പത്നിയില്‍ നിന്ന്.
നാഥന്‍ തുണക്കട്ടെ..

No comments: