Thursday, June 18, 2015

36 വർഷങ്ങൾക്ക് ശേഷം വരുന്ന ദൈർഘ്യമുള്ള നോമ്പ് ആണ് ഇപ്പോഴത്തേത്

36 വർഷങ്ങൾക്ക് ശേഷം വരുന്ന ദൈർഘ്യമുള്ള നോമ്പ് ആണ് ഇപ്പോഴത്തേത്. ഇതുപോലെ തന്നെയാണ് നബി (സ) യുടെ കാലത്തും. വളരെ പട്ടിണിയിലും പ്രാരാബ്ധത്തിലും കഴിയുകയായിരുന്നു സഹാബികളുടെ കാലഘട്ടം. ഇങ്ങനെ ബുദ്ധിമുട്ടിയ രീതിയിൽ കഴിയുമ്പോഴാണ് അവരുടെ ഇടയിൽ റമദാൻ കടന്ന് വന്നത്. ആഹാരത്തിനും വെള്ളത്തിനും വകയില്ലാതെ വിഷമത്തോടെ ദുഃഖത്തോടെ സഹാബികൾ നോമ്പ് പിടിച്ചു.

ഇതെല്ലാം കണ്ട് വിഷമത്തോടെ പ്രവാചകൻ നബി (സ) പാതിരാ സമയത്ത് അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തു. അപ്പോൾ മലക്ക് ജിബ്രീല് (അ) വന്നു എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ചു. സഹാബികളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞപ്പോള് ജിബ്രീല് (അ) പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകനെ, താങ്കള് വിഷമിക്കരുത്. അങ്ങ് ഒരു സത്യം മനസ്സിലാക്കണം. താങ്കളെ ആശ്വസിപ്പിക്കാന് വേണ്ടിയല്ല ഞാൻ വന്നത്. പറഞ്ഞു മനസ്സിലാക്കാന് വന്നതാണ്. താങ്കൾക്ക് (ഈ സമുദായത്തിന്) നൽകിയ മഹത്തായ അനുഗ്രഹമാണ് റമദാൻ.

എന്നിട്ട് ജിബ്രീല് (അ) പറഞ്ഞു.

മൂസാ നബി (അ) യുടെ കാലത്ത് അല്ലാഹുവിനോട് നേരിട്ട് സംസാരിക്കാന് മൂസാ നബി (അ) ക്ക് ഒരു ആഗ്രഹം. അത് അല്ലാഹു നടത്തി കൊടുക്കുന്നു. അങ്ങനെ ഒരുപാട് നേരം അല്ലാഹുമായി സംസാരിച്ച മൂസാ നബി (അ) അല്ലാഹുവിനോട് ചോദിച്ചു.
അല്ലാഹുവേ, നിന്നോട് സംസാരിക്കാന് അനുഗ്രഹം ലഭിച്ച മാന്യ വ്യക്തിയാണ് ഞാൻ. ഇതുപോലെ മാന്യത നീ ആർക്കെങ്കിലും നൽകിയിട്ടുണ്ടോ?

അപ്പോൾ അല്ലാഹു പറഞ്ഞു.

മൂസാ നബി (അ) യെ, ഞാൻ ഈ ദുനിയാവില് അന്തിമ സമുദായത്തെ അയക്കുന്നതാണ്. അവർക്ക് ശ്രേഷ്ഠമായ ഒരു മാസം നൽകുന്നതാണ്. അപ്പോൾ ഞാൻ അവരോട് മാന്യമായി പെരുമാറുന്നതാണ്. ആ സമയത്ത് അവർ എന്നോട് സംസാരിച്ച രീതിയിൽ മൂസാ നബി (അ) യേക്കാൾ സാമീപ്യം ഉള്ളവരായിരിക്കും.
അപ്പോൾ മൂസാ നബി (അ) ചോദിക്കുന്നു. "അതിനുള്ള കാരണം എന്താണ് "

അല്ലാഹു പറഞ്ഞു.

മൂസാ നബി (അ) യേ, ഞാനും നീയും തമ്മില് സംസാരിക്കുമ്പോൾ നമ്മുടെ ഇടയില് 70000 മറയുണ്ട്. എന്നാൽ ആ മാസം റമദാനില് അവർ നോമ്പ് പിടിക്കുന്ന സമയത്ത് ഞാനും അവരും തമ്മില് ഒരു മറയും ഇല്ല.

എന്നിട്ട് അല്ലാഹു പറഞ്ഞു.

റമദാനില് ആദ്യ ദിവസത്തിൽ തന്നെ ഞാൻ അവരിലേക്ക് കാരുണ്യത്തിന്റെ നോട്ടം നോക്കുന്നതാണ്. ആ നോട്ടം കിട്ടിയാൽ അവരെ പിന്നെ ഒരിക്കലും ഞാൻ ശിക്ഷിക്കുകയില്ല. അങ്ങനെ ആ സമയത്ത് ഒരു ലക്ഷത്തോളം പേരെ മോചിപ്പിക്കുന്നതാണ്.

എന്നിട്ട് അല്ലാഹു പറഞ്ഞു.

സ്വർഗ്ഗം എന്നോട് ദുആ ചെയ്യും. നോമ്പ് പിടിക്കുന്ന, ഇബാദത്ത് ചെയ്യുന്ന സജ്ജനങ്ങളായ ദാസന്മാരെ നീ എന്നിൽ പ്രവേശിപ്പിക്കണമേ എന്ന്. അപ്പോൾ ഞാൻ സ്വർഗ്ഗത്തെ അലങ്കരിക്കുന്നതാണ്. ഇത് റമദാൻ മുതൽ അടുത്ത റമദാൻ വരെ അലങ്കരിക്കുന്നതാണ്. റമദാനില് ആദ്യരാത്രിയില് തന്നെ അർശിന്റെ താഴ്ഭാഗത്ത് നിന്ന് ഒരു മന്ദമാരുതൻ (കാറ്റ്) അയക്കുന്നതാണ്. അത് സ്വർഗ്ഗവാതിലുകൾ, ജനാലകൾ വഴി കടന്ന് സ്വർഗ്ഗത്തിലെ ഇലകൾ, വൃക്ഷങ്ങൾ ആടി ഉലയുന്ന രീതിയിൽ വീശുന്നതുമാണ്.

എന്നിട്ട് അല്ലാഹു പറഞ്ഞു.

മനുഷ്യര് ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികളായ ഹൂർലീങ്ങൾ (സ്വർഗ്ഗീയ സ്ത്രീകള് ) ദുആ ചെയ്യും. നോമ്പ് പിടിക്കുന്ന ഇബാദത്ത് ചെയ്യുന്ന സജ്ജനങ്ങളായ ദാസന്മാരെ നീ ഞങ്ങൾക്ക് ഭർത്താക്കന്മാരായി നൽകണമെന്ന്.

എന്നിട്ട് മൂസാ നബി (അ) നോട് അല്ലാഹു പറഞ്ഞു.

റമദാനില് ആദ്യ ദിവസത്തിൽ തന്നെ കോടാനുകോടികളായ എണ്ണമറ്റ മലക്കുകളെ ഞാൻ വിളിച്ചിട്ട് പറയും, നിങ്ങളുടെ എല്ലാ ജോലിയും നിർത്തി വയ്ക്കുക. നിങ്ങൾക്ക് ഇനി ഒരു ജോലി മാത്രമേ ഉള്ളൂ. അത് 30 ദിവസവും നോമ്പ് പിടിക്കുന്ന സജ്ജനങ്ങളായ ദാസന്മാരുടെ ദുആയ്ക്ക് ആമീൻ പറയുക. ഇതല്ലാതെ നിങ്ങൾക്ക് വേറെ ഒരു ജോലിയും ഇല്ല.

അല്ലാഹു തുടർന്നു പറഞ്ഞു.

മൂസാ നബി (അ), നിന്നെ മുൻനിർത്തി ഞാൻ പറയുന്നു. പിൻകാലത്ത് വരുന്ന മുഹമ്മദ് നബി (സ) യുടെ ഉമ്മത്തികൾ റമദാനിൽ ആരെങ്കിലും ദുആ ചെയ്താല് അവരുടെ ദുആയെ ഞാൻ തട്ടിക്കളയില്ല.

എന്നിട്ട് പറഞ്ഞു.

മൂസാ നബി (അ)യെ, എല്ലാ അനുഗ്രഹങ്ങളും ഞാൻ മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന് നൽകുന്നത് റമദാനിലൂടെയാണ്. അതിന് മുമ്പ് വന്ന ഒരു സമുദായത്തിനോ ഒരു പ്രവാചകനോ ഞാൻ അനുഗ്രഹിച്ച റമദാനിലെ നോമ്പിലൂടെ ഈ പ്രവാചകൻ സമുദായത്തിന് നിശ്ചയിച്ചത് പോലെയുള്ള നന്മ ഞാൻ ചെയ്യുകയില്ല.

എന്നിട്ട് പറഞ്ഞു.

ഓ മാലിക് (അ) മേ, മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന് വേണ്ടി നീ നരകത്തിന്റെ മുഴുവൻ വാതിലുകളും കൊട്ടി അടക്കണം.

ഇതെല്ലാം കേട്ടപ്പോള് മൂസാ നബി (അ) പൊട്ടിക്കരയുന്നു. എന്നിട്ട്  സുജൂദിൽ വീണ് അല്ലാഹുവിനോട് ഈ റമദാൻ അവർക്കും കിട്ടാൻ വേണ്ടി അപേക്ഷിച്ചപ്പോൾ അല്ലാഹു പറഞ്ഞു അത് മുഹമ്മദ് നബി (സ) യുടെ ഉമ്മത്തികൾക്കുള്ള സൗഭാഗ്യം ആണ്. അത് മുൻഗാമികൾക്ക് ലഭിക്കില്ല.

ഇതെല്ലാം കേട്ടപ്പോൾ തന്നെ മുഹമ്മദ് നബി (സ) സുജൂദിൽ വീഴുന്നു. എഴുന്നേൽക്കുന്നു. വീണ്ടും ബോധരഹിതനാകുന്നു. ജിബ്രീല് (അ) വീണ്ടും എഴുന്നേൽപ്പിക്കുന്നു. എന്നിട്ട് പറയുന്നു. പ്രവാചകരേ, റമദാന്റെ മഹത്വം ഇത്രയുമല്ല. ഇനിയുമുണ്ട്. റമദാന്റെ ആദ്യ രാത്രി എത്തുന്നതിനു രണ്ട് ദിവസം മുമ്പ് ഈ കാണുന്നതും കാണാത്തതും ആയ അല്ലാഹുവിന്റെ സൃഷ്ടികളായ സകലമാന സൃഷ്ടികളും ഈ ഉമ്മത്തിന്റെ മുന്നിൽ പൊട്ടിക്കരയും. എന്നിട്ട്  അല്ലാഹുവിന്റെ ദാസന്മാരായ നമ്മോട് പറയും. നിങ്ങൾ നന്മ കൊണ്ടു മുൻകടക്കൂ. (നോമ്പ് പിടിക്കു, ഇബാദത്ത് ചെയ്യൂ, ഖുർആൻ ഓതൂ, നമസ്കരിക്കൂ, സക്കാത്ത് കൊടുക്കൂ, അങ്ങനെ നന്മ കൊണ്ട് രക്ഷപ്പെടൂ).
അങ്ങനെ പറയുന്നതിന്റെ കാരണം എന്താണ് എന്നറിയുമോ. മനുഷ്യരും ജിന്നും ഒഴികെ മറ്റുള്ള എല്ലാ അല്ലാഹുവിന്റെ സൃഷ്ടികളും മൂസാ നബി (അ) നോട് അല്ലാഹു സംസാരിക്കുന്നത് കേട്ടതുകൊണ്ടാണ്.

അതുപോലെതന്നെ അല്ലാഹുവിന്റെ ദാസന്മാർക്ക് വേണ്ടി മലക്കുകൾ ദുആ ചെയ്യുന്നത് ഖുർആനിൽ സൂറത്തുൽ ആഫിർ-ൽ 7,8,9 ആയത്തുകളിൽ പറയുന്നത് നോക്കൂ

7. സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ
സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്
വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്റെ
കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍
പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ.
അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.

8. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍
അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു
സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു
പ്രതാപിയും യുക്തിമാനും.

9. അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ
തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു
തന്നെയാകുന്നു മഹാഭാഗ്യം.

അവസാനം മൂസാ നബി (അ) നോട് അല്ലാഹു പറഞ്ഞു. മൂസാ നബി (അ) യെ നമ്മുടെ ഇടയില് ഉണ്ടായിരുന്ന 70000 മറ മാറ്റിക്കൊണ്ട് മുഹമ്മദ് നബി (സ) യുടെ ഉമ്മത്തുകൾക്ക് സാമീപ്യം കൊടുക്കുന്നത് എന്തിനാണ് എന്നറിയാമോ. അവർ വരണ്ട ചുണ്ടുമായി ഒട്ടിയ വയറുമായി എനിക്കു വേണ്ടി നോമ്പ് പിടിക്കുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് ഞാൻ ഈ അനുഗ്രഹം അവർക്ക് ചൊരിഞ്ഞു കൊടുക്കുന്നത്.

റമദാനിൽ നിങ്ങൾ ഏതെങ്കിലും നന്മ ചെയ്താൽ അല്ലാഹു അത് മലക്കുകളുടെ മുന്നിൽ എടുത്തു കാണിക്കുകയും അതിൽ അഭിമാനിക്കുകയും പറയുകയും ചെയ്യുന്നതാണ്.
അപ്പോൾ ഒന്നും ചെയ്യാത്തവർ വളരെ പരാജിതരുമാണ്.

അതുകൊണ്ട് അല്ലേ നബി (സ) പറഞ്ഞത് നിങ്ങളിൽ ആരെങ്കിലും റമദാന്റെ മഹത്വം നല്ലതുപോലെ മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ ജീവിതകാലം മുഴുവൻ റമദാൻ ഉണ്ടായിരിക്കുവാൻ വേണ്ടി ആഗ്രഹിക്കുമായിരുന്നു.

നബി (സ) പറഞ്ഞു. പിറവി കണ്ടാൽ, അറിഞ്ഞാൽ ഉടൻ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു ദുആ ചെയ്താൽ അവനെ നരകത്തിൽ നിന്നും മോചിപ്പിക്കുന്നതാണ്.

റമദാനിൽ സക്കാത്ത് കൊടുക്കുന്നവർക്ക് വേണ്ടി മലക്കുകൾ ഇപ്രകാരം ദുആ ചെയ്യും. അല്ലാഹുവേ നീ ദാനധർമ്മം ചെയ്യുന്ന സജ്ജനങ്ങളായ ദാസന്മാരുടെ ധനത്തെ നീ അധികരിപ്പിച്ചു കൊടുക്കേണമേ, അവർക്ക് റിസ്കിനെ വാരി കോരി കൊടുക്കേണമേ‌. പിടിച്ചു വെക്കാതിരിക്കുകയും ചെയ്യേണമേ. എന്നാൽ ദാനധർമ്മം ചെയ്യാതെ പിടിച്ചു വെക്കുന്നവരുടെ ധനത്തെ നീ പിടിച്ചു വെയ്ക്കുകയും ചെയ്യേണമേ.

അതുകൊണ്ടാണ് നബി (സ) നോമ്പ് മുറിപ്പിക്കുന്നവർക്ക് വേണ്ടി അനുഗ്രഹം ചൊരിയേണമേ എന്ന് ദുആ ചെയ്തത്.

നമ്മുക്ക് നോമ്പ് എന്താണെന്ന് അറിയാം. സക്കാത്ത് എന്താണെന്ന് അറിയാം. നന്മകൾ എന്താണെന്ന് അറിയാം. പക്ഷേ റമദാന്റെ മഹത്വം അറിയില്ല. നമ്മുടെ മുഹമ്മദ് നബി (സ) യ്ക്ക് റമദാൻ കിട്ടിയത് വെറും 10 വർഷമാണ്. എന്നാൽ ആ 10 വർഷം കൊണ്ട് നബി (സ) യുടെ ജീവിതം വല്ലാതെ മാറ്റിമറിച്ചു. അത് സഹാബികൾക്ക് ഒരുപാട് പരിവർത്തനത്തിന് കാരണമായിട്ടുണ്ട്. എന്നാൽ എത്രയോ നോമ്പ് നമ്മൾ പിടിച്ചിട്ടുണ്ട്. പക്ഷേ നമ്മുക്ക് എന്ത് പരിവർത്തനമാണ് ഉണ്ടായിട്ടുള്ളത്? എന്ത് മാറ്റമാണ് വരുത്തിയിട്ടുള്ളത്?

അല്ലാഹു നമ്മുക്ക് അനുഗ്രഹീതമായ റമദാൻ മാസത്തെ തന്നില്ലേ
അവന്റെ സാമീപ്യം തന്നില്ലേ
70000 മറ മാറ്റി തന്നില്ലേ
കാരുണ്യത്തിന്റെ നോട്ടം നോക്കുന്നില്ലേ
ദിവസവും ഒരു ലക്ഷത്തോളം പേരെ നരകത്തിൽ നിന്നും മോചിപ്പിക്കുന്നില്ലേ
സ്വർഗ്ഗം ദുആ ചെയ്യുന്നില്ലേ
വർഷാവർഷം നമ്മുക്ക് വേണ്ടി സ്വർഗ്ഗത്തെ അലങ്കരിക്കുന്നില്ലേ
സ്വർഗ്ഗീയ സ്ത്രീകള് ദുആ ചെയ്യുന്നില്ലേ
എണ്ണമറ്റ മലക്കുകളെ കൊണ്ട് നമ്മുടെ ദുആയ്ക്ക് ആമീൻ പറയിക്കുന്നില്ലേ
നരകത്തിന്റെ മുഴുവൻ വാതിലുകളും കൊട്ടി അടക്കുന്നില്ലേ
സകലമാന സൃഷ്ടികളെ കൊണ്ട് നന്മ കൊണ്ടു മുന്നേറാൻ പറയിക്കുന്നില്ലേ
നമ്മൾ വരണ്ട ചുണ്ടുമായി ഒട്ടിയ വയറുമായി നോമ്പ് പിടിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ലേ
ഒരു റമദാനിലൂടെ ഉമ്മത്തായ നമ്മളെ മറ്റുള്ള മുൻഗാമികളിൽ നിന്നും ഉയർത്താൻ അല്ലാഹു ആഗ്രഹിച്ചില്ലേ

ഈ അനുഗ്രഹങ്ങൾക്ക് എല്ലാം നമ്മൾ നന്ദി കാണിക്കണ്ടേ.

അതുകൊണ്ട് എല്ലാവരും അവരവരുടെ നന്മകൾ, നല്ല പ്രവൃത്തികൾ അധികരിപ്പിക്കണം. ഇബാദത്ത് ചെയ്യണം, നോമ്പ് പിടിക്കണം, ധർമ്മം കൊടുക്കണം, നല്ലത് പറയണം. നന്മ കൊണ്ടു മുന്നേറണം.

ഇൻഷാ അല്ലാഹ് ഒരു മാറ്റം നമ്മുക്കും ഉണ്ടാവണം. അതിന് എല്ലാവരും പരിശ്രമിക്കണം. നമ്മുക്ക് എല്ലാവർക്കും അതിനുള്ള ആഫിയത്തും സൗഭാഗ്യവും നൽകണം എന്ന ദുആയോടെ നിങ്ങളും അതിന് പങ്കാളികളാകണമെന്ന വസിയത്തോടെ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ. ആമീൻ

No comments: