Saturday, June 06, 2015

ദുബായിലെ ഒരു ബാച്ചിലര്‍ റൂമിലെ യുവാക്കൾക്കിടയിൽ ചൂട് പിടിച്ച ചർച്ച നടക്കുകയാണ്. ജമാഅത്തായി നിസ്കരിക്കുമ്പോൾ പോക്കറ്റിലുള്ള മൊബൈല്‍ ബെല്ലടിച്ചാല്‍ അത് ഓഫാക്കാന്‍ പാടുണ്ടോ എന്നതാണ് വിഷയം.

മറ്റുള്ളവരുടെ ശ്രദ്ധ തെറ്റുമെന്നതിനാല്‍, ഓഫ്‌ ചെയ്തോ സൈലന്റാക്കിയോ പോക്കറ്റിലിടുന്നത് അനുവദനീയമാണെന്ന് ഒരു കൂട്ടരും എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോൾ സ്വന്തം ശ്രദ്ധ നിസ്കാരത്തിൽ നിന്നും തെറ്റുമെന്നതിനാൽ വീണ്ടും നിസ്കരിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു കൂട്ടരും. വാദ പ്രതിവാദങ്ങൾ റൂമിന്റെ ക്രമ സമാധാന നില തകർക്കുമെന്നായി. തർക്കം മൂത്തപ്പോൾ റൂമിലെ കാരണവരായ, സുബഹി എല്ലാ ദിവസവും ജമാ അത്തായി നിസ്കരിക്കുന്ന, കാദർചാനോട് സംശയ നിവാരണം നടത്താമെന്ന് രണ്ട് കൂട്ടരും തീരുമാനിച്ചു.

സിറാജ് പത്രം വായിച്ചു കൊണ്ടിരുന്ന കാദർച, രണ്ട് കൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷം തന്റെ അഭിപ്രായം പറഞ്ഞു, " നിങ്ങൾക്ക് മൊബൈല്‍ ഓഫ്‌ ചെയ്യാമെന്ന് മാത്രമല്ല, അത്യാവശ്യമെങ്കിൽ വാട്സപ്പും ഫേസ് ബുക്കും ഉപയോഗിക്കാം, ഫോണിൽ സംസാരിക്കയും ചെയ്യാം"

അത് വരെ തമ്മിൽ പോരടിച്ചിരുന്ന രണ്ട് കൂട്ടരും, അപ്രതീക്ഷ മറുപടി കേട്ട്, ഒന്നിച്ച് കാദെർച്ചാക്കെതിരെ തിരിഞ്ഞു, "നിങ്ങൾ ദിവസവും സുബഹി നിസ്കരിച്ചിട്ടെന്ത് കാര്യം? വാട്സപ്പിനും ഫേസ് ബുക്കിനും വേണ്ടി നിങ്ങള്‍ മതത്തെ പോലും വിറ്റിരിക്കുന്നു."

വളരെ ശാന്തനായി കാദെർച്ച വിശദീകരിച്ചു, " ഞാന്‍ എല്ലാ ദിവസവും സുബഹിക്ക് പള്ളിക്ക് പോകുമ്പോള്‍ നിങ്ങളെല്ലാവരും ഉറങ്ങുന്നുണ്ടാവും. ബാങ്ക് വിളിക്കുന്നത് വരെ എന്റെയൊക്കെ ഉറക്കം തടസ്സപ്പെടുത്തി നിങ്ങൾ പല ശബ്ദ കോലാഹലമുണ്ടാക്കി കളി തമാശകളുമായി നേരം കളയുന്നു. പക്ഷെ ബാങ്ക് വിളിച്ചാല്‍ പള്ളിക്ക്‌ പകരം നിങ്ങൾ കിടക്കയിലേക്ക് പോകും. അഞ്ചു നേരം നിസ്കരിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ലല്ലോ? എന്നിട്ടും നിസ്കാരം നിർവ്വഹിക്കാത്ത നിങ്ങൾ, വല്ലപ്പോഴും നിസ്കരിക്കുമ്പോൾ മൊബൈൽ ഓഫ് ചെയ്താലോ വാട്സപ്പിൽ ചാറ്റ് ചെയ്താലോ വല്ല കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല"

വളരെ അർത്ഥപൂർണമായ ഒരു സമ്പൂർണ നിശബ്ദത അവിടെ പരന്നു. പതുക്കെ ഓരോരുത്തരും അവരവരുടെ ബെഡിലേക്ക് പിൻവലിഞ്ഞ് വാട്സപ്പിലെക്ക് ശ്രദ്ധിച്ചു. കാദെർച്ച. വീണ്ടും തന്റെ  സിറാജ് പത്ര വായന തുടർന്നു...

No comments: