Monday, June 08, 2015

തസ്കിയ

തസ്കിയ

ഹുനാദ്

സൂഫീ ഗുരുവായ ഇമാം ഹസനുൽ ബസരി (റ) വിന്റെ സദസ്സ്. ആധ്യാത്മിക ജ്ഞാനവും പ്രോജ്ജലമായ സംസ്കരണവും ലഭിക്കുന്ന അത്യപൂർവ്വമായ മജ്‌ലിസ് ആയിരുന്നു ഹസനുൽ ബസരിയുടേത്. അവിടെ ചർച്ചകളും അറിവുകളും ചൂട് പിടിക്കുകയാണ്. കൂട്ടത്തിൽ നിന്നൊരു ജ്ഞാനവൃദ്ധൻ എഴുന്നേറ്റു നിന്നു. അദ്ദേഹം പറയാൻ തുടങ്ങി.

"നാളെ നരകത്തിൽ നിന്നുള്ള ശിക്ഷയിൽ നിന്നും അവസാനമായി രക്ഷപ്പെടുന്ന വിശ്വാസിയുടെ പേര് 'ഹുനാദ്' എന്നാണ്. ആയിരം വർഷം നീണ്ടു നിൽക്കുന്ന ശിക്ഷക്കൊടുവിലാണ് ഈ കൂട്ടർക്ക് നരക മോചനം ലഭിക്കുക. അത് വരെ നരകത്തിൽ കിടന്നു അവർ 'യാ ഹന്നാനു യാ മന്നാൻ' എന്ന് പറഞ്ഞു കൊണ്ട് വിലപിക്കും'

ഇത് കേട്ടതോടെ ഇമാം ഹസനുൽ ബസരിയുടെ കണ്ണ് നിറഞ്ഞു. കവിൾ ചുകന്നു തുടുത്തു. കരഞ്ഞു കരഞ്ഞു മഹാൻ പറയാൻ തുടങ്ങി "അല്ലാഹ് ഞാൻ ആ ഹുനാദിലെങ്കിലും ഉൾപ്പെട്ടിരുന്നുവെങ്കിൽ" ഈ രംഗം കണ്ടു നിന്ന പണ്ഡിതരും സാത്യികരും അടങ്ങുന്ന സദസ്സ് ആകെ അന്ധാളിച്ചു. അവർ ആകെ തരിച്ചു പോയി. അവരും കരഞ്ഞു കൊണ്ട് ചോദിച്ചു "ഗുരോ! പരമ സാത്യകനും സൂക്ഷ്മജ്ഞാനിയും അല്ലാഹുവോടും മുത്ത്‌ ഹബീബ് (സ്വ) തങ്ങളോടുമുള്ള സ്നേഹത്താൽ ഇബാദത്തിലായി കഴിയുന്ന അങ്ങ് ഹുനാദെങ്കിലും ആകുമോ എന്ന് പറഞ്ഞു കരയുകയോ?"

ഹസനുൽ ബസരി തങ്ങൾ പറഞ്ഞു "എന്താണ് നിങ്ങളീ പറയുന്നത്. എന്റെ പാരത്രിക ജീവിതത്തെ കുറിച്ച് നിങ്ങൾക്ക് വല്ല അറിവും ലഭിച്ചിട്ടുണ്ടോ? 'ഹുനാദ്' എന്ന് പറയുന്ന സമൂഹം ആയിരം വർഷം കഴിഞ്ഞിട്ടെങ്കിലും നരകത്തിൽ നിന്നും മോചനം നേടി സ്വെര്ഗ്ഗീയ പ്രവേശം നെടുന്നില്ലേ? നരകത്തിൽ നിന്നും പുറത്തു കടന്നു സ്വെര്ഗ്ഗത്തിന്റെ പരിമളം ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ലേ? ഈ ഹസനുൽ ബസരിക്ക് അങ്ങിനെയെങ്കിലുമൊരു സ്ഥാനം ലഭിക്കുമോ?"

ഉന്നത സ്ഥാനം കൈവരിച്ച മഹാത്മാക്കളുടെ വിചാരവും വികാരവും  പെരുമാറ്റവും ഇതാണെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ എന്തായി മാറണം. അഹങ്കാരവും ശത്രുതയും പകയും വിദ്ധേഷവും പേറി നമ്മുടെ ഹൃദയങ്ങളെയും  സമയങ്ങളെയും  നാം കൊന്നു കൊണ്ടിരിക്കുന്നു.

സ്വത്വ സംസ്കരണത്തിനും നമ്മുടെ അവസാനം നന്നാക്കുന്നതിനുമായി നമ്മുടെ സമയങ്ങൾ നമുക്ക് നീക്കി വെച്ച് കൂടെ? പുണ്യ റമളാൻ അതിനു നമുക്ക് പാകത നൽകട്ടെ. ആമീൻ 

‌Hussain thangal vatanappally

No comments: