Tuesday, June 23, 2015

ഖുറാന്റെ ക്രോഡീകരണവും കയ്യെഴുത്ത്‌ പ്രതികളും

ഖുറാന്റെ ക്രോഡീകരണവും കയ്യെഴുത്ത്‌ പ്രതികളും
അബൂബക്കർ സിദ്ദീഖ്‌ (റ) ന്റെ ഭരണ കാലത്താൺ വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തിയായത്‌. 114 സുറ കളിലായി (അധ്യായം) 6236 ആയ കളാൺ (സൂക്തങ്ങള്‍) ഖുറാനിൽ ഉള്ളത്. ഈ ഘടന മുഹമ്മദ്‌ നബി (സ) കാലത്ത് ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രൂപത്തില്‍ ഖുറാൻ ക്രോഡീകരിക്കപെട്ടത്‌ നബിയുടെ വിയോഗത്തിന്ന് ശേഷമായിരുന്നു. പ്രവാചകന്‍റെ വിയോഗത്തിന് തൊട്ടു പിറകെ നടന്ന യമാമ യുദ്ധത്തില്‍ കുറാന്‍ മന:പാഠം ആക്കിയ 70 പേര്‍ ശഹീദ്‌ ആവുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ഖുറാൻ ഒരൊറ്റ ഗ്രന്ഥമായി സൂക്ഷിക്കണം എന്ന് ഇസ്ലാമിന്‍റെ പ്രഥമ ഖലീഫ അബൂബകര്‍ സിദ്ധീക്ക് (റ) യോട് ഉമര്‍ (റ) അഭ്യർത്ഥ്ഹിക്കുകയും അതനുസരിച്ച് കുറാന്‍ ക്രോഡീകരണം തുടങ്ങുകയും ആൺ ഉണ്ടായത്‌.
ഖുറാന്‍ മന:പാഠം ആക്കിയ സൈദു ഇബ്നു സാബിത് (റ) ന്‍റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കപെടുകയും എഴുതി സൂക്ഷിക്കപെട്ട മുഴുവന്‍ ഏടുകളും ശേഖരിക്കപെടുകയും ചെയ്തു. ഈ ഏടുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി സൂക്ഷ്മമായി പരിശോധിക്കുകയും മന:പാഠം ആക്കിയവരുമായി ഒത്തു നോക്കുകയും കൃത്യത ഉറപ്പു വരുത്തുകയും ചെയ്തു. ഒരൊറ്റ സൂക്തം പോലും വിട്ടു പോയിട്ടില്ലെന്നും ഒരൊറ്റ തെറ്റ് പോലും കടന്നു കൂടിയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം ഈ മുഴുവന്‍ ഏടുകളും ഒരൊറ്റ ഗ്രന്ഥമായി പകര്‍ത്തി എഴുതി. ശേഷം ആ ആദ്യ ഖുറാൻ പതിപ്പ് ഖലീഫ അബൂബക്കർ (റ) ന്ന് കൈമാറി. തോലിൽ എഴുതപ്പെട്ട ആ കൈയെഴുത്ത് പ്രതി അബൂബക്കർ (റ) മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം തന്നെയായിരുന്നു. പിന്നീടത്‌ പിൻഗാമിയായ ഉമർ (റ) ന്റെ കൈവശമായി. ഉമര്‍ (റ) ന്റെ വഫാത്തിന്ന് ശേഷം അദ്ദേഹത്തിന്റെ മകളും പ്രവാചക പത്‌നിയുമായ ഹഫ്‌സ (റ) യുടെ കൈവശമാണ് ഖുര്‍ആന്റെ കയ്യെഴുത്ത്‌ പ്രതി എത്തിച്ചേര്‍ന്നത്.
അക്കാലത്ത് എഴുത്തും വായനയും അറിയാവുന്ന വളരെ ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു ഹഫ്‌സ (റ). ഇതൊക്കെ പരിഗണിച്ചുകൊണ്ട് മൂന്നാം ഖലീഫയായ ഉസ്‌മാൻ (റ) ഖുര്‍ആന്റെ ആ ആദ്യ കൈയെഴുത്ത് പ്രതി ഹഫ്‌സ (റ) യുടെ കൈവശം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഖുര്‍ആന്‍ മുഴുവനായി മനഃപാഠമുള്ളയാളായിരുന്നു ഉസ്മാന്‍ (റ). ഇനി പറയുന്ന ഒരു സംഭവമാൺ ഖുറാൻ പകർപ്പുകൾ എടുത്ത്‌ വിതരണം ചെയ്യാൻ കാരണമായത്‌.
ഉസ്മാന്‍ (റ) അര്‍മീനിയയിലേക്ക് ഒരു സൈന്യത്തെ അയച്ചിരുന്നു. സൈനികര്‍ വഴിയിൽ ഇറാഖിൽ ഒരിടത്ത്‌ വെച്ച്‌ ഇമാമും മഅ്മൂമുകളുമായി നിസ്‌ക്കരിക്കാൻ നിന്നു. നമസ്‌കാരത്തില്‍ ഇമാം ചില സൂക്തങ്ങള്‍ പാരായണം ചെയ്ത രീതിയെക്കുറിച്ച് പിന്തുടര്‍ന്ന് നമസ്‌കരിച്ചവരില്‍ ചിലര്‍ തര്‍ക്കിച്ചു. ഇമാം ഓതിയ രീതിയിലല്ല ആ ആയത്തുകള്‍ ഓതേണ്ടതെന്ന് അവര്‍ വാദിച്ചു. ഇറാഖിലുണ്ടായിരുന്ന പ്രവാചകാനുയായികളില്‍ ഒരാളായ ഇന്നയിന്നയാള്‍ തന്നെ ഇങ്ങനെയല്ല ആ ആയത്തുകള്‍ ഓതാന്‍ പഠിപ്പിച്ചതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, സിറിയയിലുണ്ടായിരുന്ന തന്റെ ഗുരുവും സ്വഹാബി തന്നെയാണെന്നും അദ്ദേഹം പഠിപ്പിച്ചത് അങ്ങനെയല്ലെന്നും മറ്റൊരാളും ശഠിച്ചു. ഓരോരുത്തരും അവരവരുടെ വാദങ്ങളില്‍ ഉറച്ചുനിന്നു. തര്‍ക്കം കൈയാങ്കളിയോളമെത്തി. സൈന്യാധിപന്‍ സമര്‍ഥമായി ഇടപെട്ടാണ് ആ അപകടം ഒഴിവാക്കിയത്. സൈന്യം തിരിച്ച് മദീനയില്‍ എത്തിയപ്പോള്‍ അതിന്റെ കമാണ്ടറായിരുന്ന ഹുദൈഫ ഇബ്ൻ യമനി നേരെ ഖലീഫയുടെ അടുത്ത് ചെന്ന് ഉണ്ടായ സംഭവമെല്ലാം വിവരിച്ചു. ഏതൊരു കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് അത് നടപ്പാക്കാനുള്ള ഇഛാശക്തി ഉള്ളയാളായിരുന്നു ഉസ്മാൻ (റ). ഈ പ്രശ്‌നത്തില്‍ ഉടനടി ഒരു തീരുമാനമുണ്ടാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒട്ടും താമസിയാതെ ഹഫ്‌സ (റ) യുടെ അടുത്തേക്ക് ഖുര്‍ആന്‍ കോപ്പി വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആളെ വിട്ടു. മുന്പ് ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന സൈദ്ബ്‌നു സാബിത്ത്‌ (റ) നെ തന്നെ വിളിച്ച് വരുത്തി. ഒരു തെറ്റും വരുത്താതെ ഇതിന്റെ കോപ്പികള്‍ എടുക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പിച്ചു.
ഉച്ചാരണത്തിൽ രണ്ട്‌ തരം ഉച്ചാരണ രീതി അവലംബിച്ചിരുന്ന സ്ഥലത്ത്‌, മക്കയിലെ ഉച്ചാരണ രീതിയനുസരിച്ചായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതെന്ന് ഉസ്‌മാൻ (റ) വ്യവസ്ഥ വെച്ചു. സൈദുബ്‌നു സാബിത് (റ) ഏതാനും പേരുടെ സഹായത്തോടെ വിശുദ്ധ ഖുര്‍ആന്റെ ഔദ്യോഗിക കോപ്പി മുന്പിൽ വെച്ച് അതിന്റെ പകര്‍പ്പുകളെടുക്കുന്ന ജോലി പൂര്‍ത്തീകരിച്ചു. ഇങ്ങനെ വിശുദ്ധ ഖുര്‍ആന്റെ ഔദ്യോഗിക കൈയെഴുത്ത് പ്രതിക്ക് ഏഴു പകര്‍പ്പുകള്‍ എടുത്തു. ഇവയുടെ ആധികാരികത ഒന്നുകൂടി ഉറപ്പ് വരുത്താന്‍ ഈ ഏഴു പകര്‍പ്പുകളില്‍ ഓരോന്നും ആദ്യം മുതല്‍ അവസാനം വരെ മദീനയിലെ മസ്‌ജിദു ന്നവബിയിൽ വെച്ച് ഉച്ചത്തില്‍ പാരായണം ചെയ്യാന്‍ ഉസ്മാന്‍ (റ) ഏര്‍പ്പാട് ചെയ്തു. പകര്‍പ്പെടുക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ വിശുദ്ധ ഖുര്‍ആനില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു ഇത്.
ഇങ്ങനെ ഓരോ പകര്‍പ്പും ഉച്ചത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും തെറ്റുകളൊന്നുമില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാവുകയും ചെയ്തു. തുടര്‍ന്ന് തന്റെ വിശാലമായ രാഷ്ട്രത്തിന്റെ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് ഈ പകര്‍പ്പുകളില്‍ ഓരോന്ന് വീതം ഖലീഫ ഉസ്മാന്‍ അയച്ചുകൊടുത്തു. ഒപ്പം ഒരു ആജ്ഞയും. ഇനിയാരെങ്കിലും ഖുര്‍ആന്റെ കോപ്പി എടുക്കുന്നുണ്ടെങ്കില്‍ അത് താന്‍ അയച്ചുതരുന്ന പകര്‍പ്പില്‍ നിന്നേ എടുക്കാവൂ. ഈ ഔദ്യോഗിക ഖുര്‍ആന്‍ പതിപ്പില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുള്ള കോപ്പികള്‍ ആരെങ്കിലും സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ അവയൊക്കെയും നശിപ്പിക്കപ്പെടണം.
നമ്മുടെ കൈകളിലിരിക്കുന്ന ഖുര്‍ആന്‍ കോപ്പികള്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഉസ്മാന്‍ (റ) തന്റെ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കയച്ച കൈയെഴുത്ത് പ്രതികളുടെ തനി പകര്‍പ്പുകളാണെന്ന് ഉറപ്പിച്ച് പറയാനാകും. ഉസ്‌മാൻ (റ) ന്റെ ഭരണകാലത്ത് തയാറാക്കിയ ആ കോപ്പികളില്‍ ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നുള്ളത് താഷ്‌കന്റ് മ്യൂസിയത്തിലാണ്.
വേറൊരെണ്ണം കാബൂളിലും ഒരെണ്ണം കെയ്‌റോ യിലും ഉണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌. ഇസ്തംബൂളിലെ 'തോപ്‌ കാപ്പി' മ്യൂസിയത്തിലാണ് വേറൊന്ന് സൂക്ഷിച്ചിട്ടുള്ളത്. അത് ഉസ്മാന്‍(റ) ഉപയോഗിച്ച പകര്‍പ്പാണ് എന്നാണ് പറയപ്പെടുന്നത്. അല്‍ബഖറ അധ്യായത്തിലെ 'ഫസയകഫീകഹുമുല്ലാഹു...' എന്ന ആയത്തിന്ന് മുകളില്‍ ഒരു ചുവന്ന പാട് ഉണ്ടെന്ന് പറയപ്പെടുന്നു. ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെയായിരുന്നല്ലോ ഉസ്മാന്‍ (റ) വധിക്കപ്പെട്ടത്. അപ്പോള്‍ തെറിച്ച രക്തതുള്ളിയാണ് അത് എന്നാണ് പറയപ്പെടുന്നത്. ഈ കൈയെഴുത്ത് പ്രതികളുടെ ലിപികളിലോ ആകാരത്തിലോ ഒന്നും ഒരു വ്യത്യാസവുമില്ല. ഇവയെല്ലാം ഒരേ കാലത്ത് എഴുതപ്പെട്ടവയാണെന്ന് നമുക്ക് തോന്നും. കടലാസില്‍ ആയിരുന്നില്ല, തുകലില്‍ ആയിരുന്നു അവ എഴുതപ്പെട്ടിരുന്നത്. നമുക്ക്‌ സംതൃപ്തിയും വിശ്വാസവും തരുന്ന കാര്യം എന്തെന്നാല്‍, ഈ ആദ്യ ഖുറാനും നാമിന്ന് ഉപയോഗിക്കുന്ന കോപ്പികളും തമ്മില്‍ ഒരു ചെറിയ വ്യത്യാസം പോലുമില്ലാ എന്നതാൺ.
▪️ ️Σ®ҒΣ© ▪️

No comments: