Monday, June 22, 2015

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര
***************************************

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.

സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം, ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി(സ്വ) പ്രസ്താവിച്ചത് (തുര്‍മുദി).

തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദ്രി(റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ്വ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി(സ്വ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (സ്വഹീഹ് മുസ്ലിം).

വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക’ (2/195). ‘സത്യ വിശ്വാസികളേ, ക്രയവിക്രയവും സൗഹാര്‍ദവും ശിപാര്‍ശയും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പ്, നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക’ (2/254). ‘സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തു ക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവ ഴിക്കുക’ (2/267). ‘രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് നാഥന്‍റെയടുക്കല്‍ അവര്‍ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കു കയുമില്ല’ (2/ 274).

‘സത്യ വിശ്വാസികളായ എന്‍റെ ദാസന്മാരോട് നബിയേ താങ്കള്‍ പറയുക. അവര്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ’ (14/31). ‘നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം മനസ്സിന്‍റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍’ (64/16).

ഇലാഹീ പ്രീതിയും പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള വിശിഷ്ട കര്‍മമാണ് ദാനധര്‍മം. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ദാനധര്‍മത്തിന്‍റെ ഒട്ടനവധി സവിശേഷതകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അവയില്‍ ചിലത്:

1. അല്ലാഹുവിന്‍റെ കോപം ഇല്ലാതാക്കുന്നു. മുആവിയബ്നു ഹൈദ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്‍റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).

2. പാപത്തെ മായ്ച്ചു കളയുന്നു. നബി(സ്വ) പറയുന്നു: ‘വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’ (തുര്‍മുദി). സല്‍കര്‍മങ്ങള്‍ ദുഷ്കര്‍മങ്ങളെ ദൂരീകരിക്കുമെന്നാണ് ഖുര്‍ആനിക ഭാഷ്യം (സൂറത്തു ഹൂദ്/114). മാത്രമല്ല, പാപമോചനത്തിന്‍റെ പ്രധാന മാര്‍ഗമായിട്ടാണ് ദാനധര്‍മത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭക്തിയുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട, ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗത്തിലേക്കും നിങ്ങള്‍ കുതിച്ചു ചെല്ലുവീന്‍. സന്തോഷത്തിലും സന്താപത്തിലും പണം ചെലവഴിക്കുന്നവരും കോപം നിയന്ത്രിക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരുമാണവര്‍. സല്‍കര്‍മം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (ഖുര്‍ആന്‍ 3/133,134).

3. ഖബറില്‍ ആശ്വാസം ലഭിക്കുന്നു. നബി(സ്വ) പറയുന്നു: ‘നിശ്ചയം, സ്വദഖ ഖബറിലുള്ളവര്‍ക്ക് അതിന്‍റെ ചൂട് അകറ്റി കൊടുക്കും’ (ബൈഹഖി).

4. നരകത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം). അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’.

അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ?

നബി(സ്വ) പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).

5. ശാരീരിക രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്നു. തിരുനബി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് നിങ്ങള്‍ ചികിത്സിക്കുക’ (ബൈഹഖി).

6. മാനസിക രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. അബൂഹുറൈറ (റ) പറയുന്നു: ‘ഒരാള്‍ തിരുനബി (സ)യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഹൃദയത്തിന്‍റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്‍റെ തലയില്‍ തടവുകയും ചെയ്യുക’ (മുസ്നദു അഹ്മദ്).

7. സമ്പത്തില്‍ ബറകത്തുണ്ടാകുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘ദാനം സമ്പത്തിനെ കുറക്കുകയില്ല’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തന്നെ പറയുന്നതു കാണുക: ‘ഏതൊരു കാര്യം നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അവന്‍ നിങ്ങള്‍ക്കു അതിനു പകരം നല്‍കുന്നതാണ്. ഏറ്റവും നന്നായി ഉപജീവനം നല്‍കുന്നവനാണവന്‍’ (വിശുദ്ധ ഖുര്‍ആന്‍ 34/39).

നോമ്പുകാരിയായ ആഇശ ബീവി(റ)യുടെ അടുക്കല്‍ ഒരു മിസ്കീന്‍ യാചനക്കെത്തിയ സംഭവം ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാചകന്‍ വന്നപ്പോള്‍ ആഇശ ബീവി(റ)യുടെ വീട്ടില്‍ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റൊട്ടി യാചകന് നല്‍കാന്‍ ആഇശ(റ) അടിമ സ്ത്രീയോട് പറഞ്ഞു. ഉടനെ അവള്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വേറെ ഒന്നുമില്ല’. അപ്പോഴും റൊട്ടി യാചകന് കൊടുക്കാന്‍ തന്നെയാണ് ബീവി പറഞ്ഞത്. വേലക്കാരി അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ‘അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് ഹദ്യയായി നല്‍കി. മുമ്പൊരിക്കലും അവര്‍ ഹദ്യ നല്‍കിയിട്ടേയില്ല. ആഇശ ബീവി(റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നീ ഇതില്‍ നിന്ന് ഭക്ഷിക്കുക. ഇതാണ് നിന്‍റെ ആ റൊട്ടി (നല്‍കാന്‍ വിസമ്മതിച്ച) യേക്കാള്‍ നല്ലത്’ (മുവത്വ).

ആപത്തുകള്‍ തടയുന്നു. നബി(സ്വ) പറയുന്നു: ‘നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്’(ത്വബ്റാനി). സൂര്യ ഗ്രഹണമുണ്ടായ സമയത്ത് ജനങ്ങളെല്ലാം അസ്വസ്ഥരായപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘നിങ്ങള്‍ അതു (ഗ്രഹണം) കണ്ടാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്കാരം നിര്‍വഹിക്കുക. ദാനധര്‍മം നടത്തുക’ (സ്വഹീഹുല്‍ ബുഖാരി).

ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട് ഇബ്നു ദഖീഖില്‍ ഈദ്(റ) എഴുതുന്നു: ‘അപകടകരമായ വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താണെന്നതിനു ഈ ഹദീസ് തെളിവാണ്’ (ഇഹ്കാമുല്‍ അഹ്കാം).

9. സമ്പത്ത് ശുദ്ധിയാക്കുന്നു. നബി(സ്വ) കച്ചവടക്കാരോട് പറഞ്ഞതു കാണാം: ‘കച്ചവട സമൂഹമേ, നിശ്ചയം പിശാചും കുറ്റവും കച്ചവടത്തില്‍ വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തോട് സ്വദഖയും കലര്‍ത്തുക’ (തുര്‍മുദി). ഇമാം അബൂദാവൂദ്(റ)ന്‍റെ റിപ്പോര്‍ട്ടില്‍ ‘കച്ചവട സമൂഹമേ, ഉറപ്പായും കച്ചവടത്തില്‍ സത്യം ചെയ്യലും (അമിതമായോ, കളവായോ) നിരര്‍ത്ഥകമായ സംസാരവുമൊക്കെയുണ്ടാവും. അതുകൊണ്ട് കച്ചവടത്തോടൊപ്പം നിങ്ങള്‍ സ്വദഖയും ചേര്‍ത്തുക’ (സുനനു അബീദാവൂദ്).

10. ധര്‍മിഷ്ഠന്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം ചെയ്തവനാകുന്നു. ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു വ്യക്തി നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, ജനങ്ങളില്‍ ആരോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം? കര്‍മങ്ങളില്‍ ഏതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്? അവിടുന്ന് പറഞ്ഞു: ‘ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം. ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതോ അവന്‍റെ പ്രയാസമകറ്റുന്നതോ കടം വീട്ടിക്കൊടുക്കുന്നതോ അവന്‍റെ വിശപ്പകറ്റുന്നതോ ആണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം’ (ത്വബ്റാനി).

ഉമറുബ്നുല്‍ ഖത്വാബ്(റ) പറയുന്നു: ‘കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയാറുണ്ട്. അപ്പോള്‍ സ്വദഖ പറയും: ഞാനാണു നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍’ (ഇബ്നു ഖുസൈമ).

11. യഥാര്‍ത്ഥ പുണ്യം ലഭിക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നതു വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ എന്ത് ചെലവഴിക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അത് നന്നായി അറിയുന്നവനാണ്’ (വിശുദ്ധ ഖുര്‍ആന്‍ 3/92). ഈ സൂക്തം അവതീര്‍ണമായപ്പോഴാണ് അന്‍സ്വാറുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ അബൂ ത്വല്‍ഹ(റ) സമ്പത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുഹാഅ്’ തോട്ടം പാവങ്ങള്‍ക്ക് ദാനമായി നല്‍കിയത്.

ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ പുണ്യം നേടുകയില്ല’ എന്ന സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകര്‍(സ്വ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ ‘നിങ്ങളിഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ നിങ്ങള്‍ പുണ്യം നേടുകയില്ല ‘ എന്നാണ് പറയുന്നത്. എന്‍റെ സമ്പത്തില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘ബൈറുഹാഅ്’ തോട്ടമാണ്. അതു ഞാനിതാ സ്വദഖ ചെയ്തിരിക്കുന്നു’(സ്വഹീഹുല്‍ ബുഖാരി). പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ തന്നെയാണ് സൈദുബ്നു ഹാരിസ(റ) തനിക്കേറ്റം ഇഷ്ടപ്പെട്ട കുതിരയെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദാനം ചെയ്തത് (ജാമിഉല്‍ ബയാന്‍). അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത സൂക്തം പാരായണം ചെയ്തപ്പോള്‍ അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചു ഞാനോര്‍ത്തു. എന്‍റെ അടിമ സ്ത്രീയേക്കാള്‍ എനിക്കിഷ്ടപ്പെട്ട ഒന്നും അപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. ഉടനെ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ഇവളെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു’ (അല്‍ മുസ്തദ്റക്).

ഖിയാമത്ത് നാളില്‍ സ്വദഖയുടെ തണല്‍ ലഭിക്കുന്നു. ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നു: ‘നബി(സ്വ) ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ഓരോരുത്തരും അവരവരുടെ സ്വദഖയുടെ തണലിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ തീരുമാനം പറയപ്പെടുന്നത് വരെ’ (മുസ്നദു അഹ്മദ്).

13. മാലാഖയുടെ പ്രാര്‍ത്ഥനക്കര്‍ഹനാകുന്നു. റസൂല്‍(സ്വ) പറയുന്നു: ‘ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകള്‍ ഇറങ്ങിവരും. അവരിലൊരാള്‍ ‘അല്ലാഹുവേ, ദാനം നല്‍കുന്നവന് നീ പകരം നല്‍കേണമേ’ എന്നും മറ്റെയാള്‍ ‘അല്ലാഹുവേ, നല്‍കാത്തവന് നീ നാശം നല്‍കേണമേ’ എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).

14. ഇരട്ടി പ്രതിഫലം ലഭിക്കുന്നു. അല്ലാഹു പറയുന്നു: “ദാനം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കപ്പെടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടുതാനും’ (57/18).

അല്ലാഹുവിന് നല്ല കടം നല്‍കാന്‍ ആരുണ്ട്? അനേകം മടങ്ങുകളായി അവന്‍ അതു വര്‍ധിപ്പിച്ചു നല്‍കും. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നല്‍കുന്നവനും അല്ലാഹുവാണ്. നിങ്ങള്‍ അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും’ (2/245). ‘തങ്ങളുടെ ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികളുണ്ട്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കിക്കൊടുക്കുന്നു’ (2/261).

15. ഒരു ദിവസം തന്നെ ദാനധര്‍മത്തോടൊപ്പം വ്രതാനുഷ്ഠാനം, രോഗി സന്ദര്‍ശനം, മയ്യിത്ത് അനുഗമനം എന്നിവ കൂടി നടത്തിയവര്‍ക്ക് സ്വര്‍ഗം ഉറപ്പാണ്. അബൂ ഹുറൈറ(റ) പറയുന്നു: ഒരു ദിവസം നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് നോമ്പനുഷ്ഠിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. റസൂല്‍(സ്വ) വീണ്ടും ചോദിച്ചു: ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. അവിടുന്ന് വീണ്ടും ചോദിച്ചു: ഇന്ന് അഗതിക്ക് ഭക്ഷണം നല്‍കിയവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. തിരുനബി(സ്വ)യുടെ അടുത്ത ചോദ്യം: ഇന്ന് ആരാണ് രോഗിയെ സന്ദര്‍ശിച്ചിട്ടുള്ളത്? അബൂബക്കര്‍(റ) തന്നെയാണ് മറുപടി പറഞ്ഞത്: ‘ഞാന്‍’. അപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: ‘ഇവയെല്ലാം~ഒരാളില്‍ മേളിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയില്ല’ (സ്വഹീഹ് മുസ്ലിം).

16. സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘നിസ്കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും വിളിക്കപ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്‍റെ കവാടത്തിലൂടെയും സ്വദഖ നല്‍കിയവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍ കവാടത്തിലൂടെയാണ് വിളിക്കപ്പെടുക’(സ്വഹീഹുല്‍ ബുഖാരി).

17. സര്‍വനന്മകളുടേയും കവാടം തുറക്കുന്നു. അല്ലാഹു പറയുന്നു: (കൊടുക്കേണ്ടത്) കൊടുക്കുകയും ഭക്തിയോടെ ജീവിക്കുകയും ഏറ്റവും നല്ലതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് വളരെ എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്ത് കൊടുക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 92/5-7). ‘എളുപ്പമായതു’ കൊണ്ടുള്ള ഉദ്ദേശ്യം നന്മയുടെ വിവിധ രൂപങ്ങളിലേക്കുള്ള മാര്‍ഗദര്‍ശനമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു (തഫ്സീറുല്‍ ഖുര്‍തുബി).

18. ദാനം നല്‍കിയത് എക്കാലത്തും ശേഷിക്കുന്നു. വീട്ടില്‍ അറുത്ത ആടിനെക്കുറിച്ച് ‘അതില്‍ വല്ലതും ബാക്കിയുണ്ടോ?’ എന്ന് ആഇശ ബീവിയോട് തിരുനബി(സ്വ) അന്വേഷിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ‘അതിന്‍റെ കുറകല്ലാത്ത മറ്റൊന്നും ബാക്കിയില്ല’. ഉടനെ നബി(സ്വ) പറഞ്ഞു: ‘കുറകല്ലാ ത്തതൊക്കെ ബാക്കിയായി’ (സ്വഹീഹ് മുസ്ലിം). വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ എന്തെങ്കിലും പണം ചെലവഴിക്കുന്നുവെങ്കില്‍ അതു നിങ്ങള്‍ക്കുള്ളതാണ.് അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അതിന്‍റെ പ്രതിഫലം പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടും (2/272).

19. അടിമ ഉടമയുമായുള്ള കരാര്‍ പാലിക്കുന്നു. സമ സൃഷ്ടികള്‍ക്കുള്ള ദാനധര്‍മത്തിലൂടെ സ്രഷ്ടാവുമായുള്ള കരാര്‍ പാലിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘സ്വര്‍ഗം പ്രതിഫലമായി നല്‍കാമെന്ന വ്യവസ്ഥയില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരീരങ്ങളും സ്വത്തുക്കളും അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/111).

20. ദാനധര്‍മം അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണയുടെയും സത്യസന്ധമായ ഈമാനിന്‍റെയും പ്രകടമായ ലക്ഷണമാണ്. നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കാതിരിക്കുന്നതും സമ്പത്ത് കുറയുമെന്ന് കരുതി സ്വദഖ കൊടുക്കാതിരിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള മോശമായ ചിന്തയുടെ ഫലമായിട്ടാണെന്നു വ്യക്തമാക്കിയതിനു ശേഷം ഇമാം ഖുര്‍തുബി(റ) പറയുന്നു: ‘അടിമ അല്ലാഹുവിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെങ്കില്‍ സമ്പത്ത് കുറഞ്ഞു പോകുമെന്ന ഭയം അവനുണ്ടാവില്ല. കാരണം അവന്‍ ദാനം ചെയ്തതിനു പകരം നല്‍കുമെന്നത് അല്ലാഹു തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്’ (തഫ്സീറുല്‍ ഖുര്‍തുബി).

No comments: