Tuesday, August 04, 2015

UAE - യിലെ VISA CANCELLATION & LABOUR BAN നിയമങ്ങള്‍!!

UAE - യിലെ VISA CANCELLATION & LABOUR BAN നിയമങ്ങള്‍!!
**********************************************************************************

UAE - യിൽ 2 വർഷമാണ്‌ ഇപ്പോഴത്തെ തൊഴിൽ വിസയുടെ കാലാവധി. മുൻപ് ഇത് 3 വർഷമായിരുന്നു. ഒരു വ്യക്തി ഒരു സ്ഥാപനത്തിൽ, അതായത് ഒരു സ്പോണ്‍സറുടെ കീഴിൽ 2 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വേറെ ഒരു സ്ഥാപനത്തിലേക്ക് മാറാവുന്നതാണ്. ഈ ആനുകൂല്യം എല്ലാ കാറ്റഗറിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.

പ്രത്യേകം ശ്രദ്ധിക്കുക : ലേബർ കാർഡിലെ expiry date കഴിഞ്ഞിരിക്കണം. അതിനു ഒരു മണിക്കൂർ മുൻപ് പോലും ലേബർ കാർഡ്‌ ക്യാൻസൽ ചെയ്യരുത്.

രണ്ടു വർഷം കഴിയുന്നതിനു മുൻപാണ് ജോലി മാറുന്നതെങ്കിൽ (പിരിച്ചു വിട്ടാലും രാജിവെച്ചു പോയാലും) ലേബർ ബാന്‍ ( LABOUR BAN ) ഉണ്ടായിരിക്കും. 6 മാസത്തേക്ക് ആ വ്യക്തിക്ക് വേറെ തൊഴിൽ വിസ കിട്ടില്ല.

6 മാസത്തേക്ക് ലേബർ ബാൻ അടിച്ച ഒരാൾക്ക്‌ UAE യിലേക്ക് വീണ്ടും വിസിറ്റ് വിസയിൽ വരാൻ പ്രശ്നമൊന്നുമില്ല. പുതിയ തൊഴിൽ വിസ 6 മാസം കഴിഞ്ഞേ കിട്ടൂ എന്നുമാത്രം. അങ്ങനെ വരുന്നവരും ജോലി അന്വേഷിക്കുന്നവരും ഉണ്ട്.

സെയില്‍സ്‌ എക്സിക്യൂട്ടിവ് മുതല്‍ മേലോട്ടുള്ള ഉയര്‍ന്ന കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് ഈ ലേബർ ബാന്‍ ഒഴിവാക്കാൻ കഴിയും. അതിനു വേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു:

SSLC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ചുരുങ്ങിയത് 5,000/- ദിർഹം സാലറി ഉണ്ടായിരിക്കണം.

ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 7,000/- ദിർഹം സാലറി ഉണ്ടായിരിക്കണം.

ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 12,000/- ദിർഹം സാലറി ഉണ്ടായിരിക്കണം.

ഈ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസ്സിയിൽ അറ്റസ്റ്റ് ചെയ്യേണ്ടതാണ് എന്ന കാര്യം പറയേണ്ടതില്ലല്ലോ.

ഗവണ്മെന്റ്, സെമി ഗവണ്മെന്റ്, ഫ്രീ സോണ്‍ കമ്പനികളിലാണ് പുതിയ ജോലി കിട്ടുന്നതെങ്കിൽ ലേബർ ബാൻ ഒഴിവാക്കാൻ കഴിയും.

ഒരു തൊഴിലാളിക്ക് 2-3 മാസങ്ങളായി സാലറി ലഭിക്കുന്നില്ലെങ്കിൽ, അതുകൊണ്ടു തന്നെ മറ്റൊരു ജോലി അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായാൽ നേരെ ലേബർ ഡിപ്പാർട്ട്മെന്റിൽ പോയി പരാതി കൊടുക്കുക. അപ്പോൾ അവിടെനിന്നും ലേബർ ബാൻ ഇല്ലാതെ വേറെ സ്ഥാപനത്തിൽ ജോലിക്ക് പോകാനുള്ള അനുവാദം കിട്ടുന്നതായിരിക്കും. കാരണം, തൊഴിലുടമയുടെ വീഴ്ച്ചയാണല്ലോ അവിടെ സംഭവിച്ചിരിക്കുന്നത്. വേതനമില്ലാതെ ഒരു തൊഴിലാളി ജോലി ചെയ്യുന്നതിൽ എന്തർത്ഥം?

ലേബർ ഡിപ്പാർട്ട്മെന്റിൽ ഇത്തരം പരാതികൾ കേൾക്കാനായി ഒരു ലീഗൽ അഡ്വൈസർ തന്നെയുണ്ട്‌. ദയവുചെയ്ത് തൊഴിൽ പരമായ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ലേബർ ഡിപ്പാർട്ട്മെന്റിൽ പോയി പരാതി കൊടുക്കാൻ ഭയപ്പെടാതിരിക്കുക. കാരണം, ലേബർ ഡിപ്പാർട്ട്മെന്റ് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് ന്യായമായ അവകാശങ്ങൾ വാങ്ങിക്കൊടുക്കാനുമാണുള്ളത്‌, ഇത് മറക്കരുത്.

പ്രൊബേഷനറി പിരീഡിൽ ആണെങ്കിലും ഒരാൾ പിരിഞ്ഞു പോകുകയാണെങ്കിൽ ലേബർ ബാൻ ഉണ്ടായിരിക്കും. പ്രൊബേഷനറി പിരീഡ് എന്നതുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത് തൊഴിലാളിക്കും സ്ഥാപനത്തിനും പരസ്പരം പഠിക്കാനുള്ള ഒരു അവസരം എന്നത് മാത്രമാണ്.

ഒരു വിസയിൽ UAE യിൽ വന്നിട്ട് സാങ്കേതിക കാരണങ്ങളാൽ വിസ സ്റ്റാമ്പ്‌ ചെയ്യാതെ തിരിച്ചു പോകുകയാണെങ്കിലും 6 മാസത്തേക്ക് ലേബർ ബാൻ ഉണ്ടായിരിക്കും.

UAE - യിൽ നിന്ന് നാട്ടിലേക്ക് ലീവിന് പോയിട്ട് 6 മാസത്തിനുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ അയാളുടെ വിസ automatic ആയി ക്യാൻസൽ ആവും. പിന്നീട് അയാൾക്ക്‌ UAE - യിൽ ഇറങ്ങാൻ കഴിയില്ല. UAE - യിൽ നിന്നും ആ വ്യക്തിക്ക് വേറെ വിസ കിട്ടണമെങ്കിൽ ആ വ്യക്തിയുടെ പേര് UAE ഇമിഗ്രേഷനിൽ നിന്നും എടുത്തു കളയണം.

സാധാരണ ഒരാളുടെ വിസ ക്യാൻസൽ ചെയ്യുമ്പോൾ സ്ഥാപനത്തിന്റെ P.R.O. ക്യാൻസൽ ചെയ്യപ്പെടുന്ന വ്യക്തിയുടെ ഒറിജിനൽ പാസ്പോർട്ട്‌ സമർപ്പിച്ചാൽ മാത്രമേ ആ വ്യക്തിയുടെ പേര് ഇമിഗ്രേഷനിൽ നിന്നും എടുത്തു മാറ്റാൻ കഴിയൂ.

ഇനി, നാട്ടിൽ നിന്നും തിരിച്ചു വരാതെ UAE ഇമിഗ്രേഷനിൽ നിന്നും പേര് എടുത്തു കളയണമെങ്കിൽ രണ്ടു വഴികളുണ്ട്:

ഒന്ന്: നാട്ടിൽ പോയ വ്യക്തിയുടെ ഒറിജിനൽ പാസ്പോർട്ട്‌ UAE യിലെ സ്ഥാപനത്തിലേക്ക് എത്തിച്ചു കൊടുക്കുക. പിന്നീട് സ്ഥാപനത്തിന്റെ P.R.O. ഇമിഗ്രേഷനിൽ നിന്നും വേണ്ട നടപടികൾ ചെയ്തുകൊള്ളും.

( ശ്രദ്ധിക്കുക : കൊറിയർ മുഖേനയോ മറ്റൊരു വ്യക്തിയുടെ കൈവശമോ ഒറിജിനൽ പാസ്പോർട്ട്‌ അയക്കുന്നത് വളരെ റിസ്ക്‌ ആണ് എന്നുകൂടി ഇതോടൊപ്പം അറിയിക്കുന്നു. അതുപോലെത്തന്നെ ഒരാളുടെ പാസ്പോർട്ട്‌ മറ്റൊരാൾ കൊണ്ടുപോകുന്നതും നിയമപരമായി പ്രശ്നമാണ്).

രണ്ട്: ഇന്ത്യയിൽ ഡെൽഹിയിൽ ഉള്ള UAE എംബസിയിൽ ഒറിജിനൽ പാസ്പോർട്ട്‌ സഹിതം അപേക്ഷ സമർപ്പിക്കുക. UAE എംബസി ആ അപേക്ഷ UAE യിലെ ഇന്ത്യൻ എംബസിയിലേക്ക് റെഫർ ചെയ്യും. ഇന്ത്യൻ എംബസി ആ വ്യക്തി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് അന്വേഷിക്കും ആ വ്യക്തി എന്തുകൊണ്ടാണ് തിരിച്ചു വരാത്തത്, സ്ഥാപനവുമായി വേറെ എന്തെങ്കിലും സാമ്പത്തിക തിരിമറികളോ മറ്റോ ഉള്ളതുകൊണ്ടാണോ തിരിച്ചു വരാത്തത് എന്നും മറ്റും. ആ സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന മറുപടിക്ക് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടി.

സ്ഥാപനം ആ വ്യക്തിയുടെ പേരിൽ എന്തെങ്കിലും ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണെങ്കിൽ തീർച്ചയായും അതിനു തെളിവും കൊടുക്കണം. അത് പറയേണ്ട കാര്യമില്ലല്ലോ.

ക്രിമിനൽ കുറ്റം വല്ലതും ചെയ്തിട്ടോ ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത് തിരിച്ചടക്കാതെയോ മറ്റോ ആണ് UAE - യിൽ നിന്ന് ആ വ്യക്തി മുങ്ങിയിട്ടുള്ളതെങ്കിൽ പിന്നീട് UAE - യിലേക്ക് മാത്രമല്ല മറ്റൊരു രാജ്യത്തേക്കും, പ്രത്യേകിച്ച് ഗൾഫ്‌ രാജ്യങ്ങളിലേക്ക് പോകാൻ കഴിയില്ല. എല്ലാ ഗൾഫ്‌ രാജ്യങ്ങളിലേയും എയർപോർട്ടുകളിൽ ഇത്തരത്തിലുള്ളവരുടെ വിവരങ്ങൾ ഉണ്ടായിരിക്കും. മറ്റു രാജ്യത്തെ എയർപോർട്ടിൽ എത്തുമ്പോഴായിരിക്കും വിവരമറിയുക. ഇമിഗ്രേഷൻ വിഭാഗത്തിലെ കമ്പ്യൂട്ടറിൽ അയാളുടെ പേര് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. നേരെ ജയിലിലേക്കാവും പിന്നീടുള്ള യാത്ര എന്നുകൂടി മനസ്സിലാക്കുക.

മറ്റു ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് ഇതുപോലെ അവിടത്തെ വിസ ക്യാൻസൽ ചെയ്യാതെ UAE - യിലേക്ക് വരുന്നതിനും കുഴപ്പമില്ല (നിയമക്കുരുക്ക് ഇല്ലാത്തവർക്ക് മാത്രം).

മേൽപ്പറഞ്ഞ നിയമങ്ങൾ UAE - യിൽ 2 വർഷമായി നിലവിൽ വന്നതാണ്. നിയമങ്ങൾ എന്നുവേണമെങ്കിലും മാറാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക : വിസ ക്യാൻസൽ ചെയ്യുന്നതിന് മുൻപായി നിങ്ങൾക്ക് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും (Gratuity , Leave Salary , Air Ticket etc .) കൈയ്യിൽ കിട്ടിയതിനു ശേഷമേ cancellation form - ഇൽ ഒപ്പിട്ടു കൊടുക്കാവൂ. നിങ്ങൾക്ക് കിട്ടാനുള്ളതെല്ലാം കിട്ടി ബോധിച്ചു എന്നാണ് ആ ഫോമിൽ എഴുതി ഒപ്പിടുന്നത്. ഒരിക്കൽ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് അത് കിട്ടിയില്ലെങ്കിൽ നിയമപരമായി പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വേണ്ട. ആർക്കും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. പേടിക്കരുത്. പല വൃത്തികെട്ട സ്ഥാപനങ്ങളും ഇതുപോലെ പാവപ്പെട്ട തൊഴിലാളികളെ ചതിക്കാറുണ്ട്. അതുകൊണ്ടാണ് ഇക്കാര്യം എടുത്തു പറയുന്നത്.

കാര്യങ്ങൾ അന്വേഷിച്ച് അറിയുന്നതിൽ ഒരു തെറ്റുമില്ല. അത് നിങ്ങൾക്കും നിങ്ങളിലൂടെ മറ്റുള്ളവർക്കും പ്രയോജനം ലഭിക്കും.

ഈ സന്ദേശം കൂടുതൽ പേർക്ക് ഷെയർ ചെയ്യാൻ ശ്രമിക്കുമല്ലോ.

ഏവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

No comments: