Monday, August 31, 2015

അങ്ങ് എൻടെ കരളിൻടെ കഷ്ണമാണ്.

അങ്ങ് എൻടെ കരളിൻടെ കഷ്ണമാണ്......
==================

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.

ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.

ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.

തികച്ചും അനാഥനായിരുന്ന നബി.

നിരക്ഷനായിരുന്ന നബി.

ആട്ടിടയനായിരുന്ന നബി.

കച്ചവടക്കാരനായിരുന്ന നബി.

സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി.

ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.

നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.

ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.

വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച നബി.

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.

സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.

ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.

ലോകൈക ഗുരുവായ നബി.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.

സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി.

സൈന്യാധിപനായിരുന്ന നബി.

കുടുംബനാഥനായിരുന്ന നബി.

ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.

ഫലിതാസ്വാദകനായിരുന്ന നബി.

അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി.

നീതിമാനായ ഭരണാധികാരിയായിരുന്ന നബി.

ന്യായാധിപനായിരുന്ന നബി.

കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.

സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.

ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’
പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.

പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.

സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘

നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.

സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.

നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.

ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.

അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്, സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.

(The 100: A Ranking of the Most Influential Persons in History. Dr. Michael Hart)

No comments: