Thursday, July 23, 2015

മുഹമ്മദെന്ന സ്നേഹം..!

മുഹമ്മദെന്ന സ്നേഹം..!
====================

6 മാസം ഗർഭിണിയായ ഭാര്യ ആമിനയെ 
തനിച്ചാക്കി ഉപജീവനത്തിനുള്ള മാർഗ്ഗം തേടി 
പോകവെയാണ് അബ്ദുള്ള മരുഭൂമിയിൽ 
മരിച്ചു വീണത്. 

പിതാവ് ജീവിച്ചിരിപ്പില്ലാതെ 
ആ കുഞ്ഞ് ജന്മം എടുത്തു. 
അറേബ്യൻ രീതി അനുസരിച്ചു 
കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊടുക്കുമായിരുന്നു. 
പക്ഷെ പിതാവ് മരിച്ചതിനാൽ കുറഞ്ഞ 
പ്രതിഫലമേ ലഭിക്കൂ എന്നതിനാൽ 
ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല.
അവഗണനയുടെ കയ്പുനീർ ജനന 
സമയതുതന്നെ കുടിച്ച 
ആ കുഞ്ഞാകുന്നു മുഹമ്മദ്‌. പുണ്യ പ്രവാചകൻ..!

മെലിഞ്ഞൊട്ടിയ മുലയൂട്ടുകാരി ഹലീമയ്ക്ക് 
ഒരു കുഞ്ഞിനേയും ലഭിക്കാഞ്ഞ് അവസാനം 
മുഹമ്മദിനെ ഏറ്റെടുത്തു. അതോടെ ഹലീമയുടെ 
വീട്ടിൽ ഐശ്വര്യം നൃത്തമാടി. അഞ്ചു 
വർഷത്തോളം ഹലീമയുടെ വീട്ടിൽ നിന്നും, 
ഇടയ്ക്കിടെ ഉമ്മയെ സന്ദർശിച്ചും 
ആ കുഞ്ഞു വളർന്നു. അവനു ആറ് 
വയസ്സായപ്പോൾ മനസ്സില്ലാ 
മനസ്സോടെയാണ് ഹലീമ , മുഹമ്മദിനെ 
ആമിനയ്ക്ക് തിരികെ ഏൽപ്പിച്ചത്

ആമിന മകനോട്‌ പറഞ്ഞു
'' മോനെ നമുക്ക് കുറച്ചു ബന്ധുക്കളുണ്ട്, 
അവരെ നിനക്ക് പരിചയപ്പെടുത്താം..ഉപ്പ 
മരിച്ച എന്‍റെ കുഞ്ഞിനു നാളെ അവർ 
ഒരു തുണയായേക്കും ..''

ഒരു വേലക്കാരിക്കൊപ്പം ആ ഉമ്മയും മകനും 
യാത്ര തുടരവേ, മരുഭൂമിയിൽ വെച്ച് 
ആ ഉമ്മയും മരിക്കുകയാണ്. 
പൊന്നുമ്മയുടെ മയ്യിത്തിന്‍റെ 
മുഖത്തെ മണൽ നീക്കി

'' ഉമ്മാ, ഉമ്മാ.. ഇത് മുഹമ്മദാണ് ഉമ്മാ.. ''

എന്നും വിളിച്ചു ഏങ്ങലടിച്ചു കരയാനേ 
ആ ബാലന് കഴിഞ്ഞുള്ളു..
ഇത് കണ്ട ആ വേലക്കാരി പൊട്ടിക്കരഞ്ഞു..

അനാഥനായ മുഹമ്മദിനു കൈ പിടിച്ചു നടക്കാൻ 
ഒരു പിതാവോ, രാത്രി കഥകൾ കേട്ട് ഭക്ഷണം 
കഴിക്കാൻ ഒരു മാതാവോ ഇല്ലായിരുന്നു..
എന്നിട്ടും ആ പൊന്നു മോൻ ആരോടും പരിഭവം 
പറഞ്ഞില്ല. കിട്ടുന്നതു ഭക്ഷിച്ചും, 
ആടുകളെ മേയ്ച്ചു വരുമാനം വീട്ടുകാർക്കു 
നല്കിയും ആ ബാലൻ ജീവിച്ചു

പക്ഷെ ആ മനസ്സിലെ നൊമ്പരം അള്ളാഹു 
അറിഞ്ഞു.അതാ ആ ദിവ്യ കടാക്ഷം 
മുഹമ്മദിനെ തേടി എത്തുകയാണ്.

മാലാഖ ജിബ്രീലിനാൽ ആ ഹൃദയം പുറത്തെടുത് 
കഴുകപ്പെടുകയാണ്.. അവഗണിക്കപ്പെട്ട 
ആ കുഞ്ഞ് തന്‍റെ സത്യസന്ധതയാൽ അൽ അമീൻ 
(സത്യ സന്ധൻ ) എന്ന പേരിൽ മക്കക്കാർക്ക് 
പ്രിയങ്കരൻ ആവുകയാണ്..

പിതാമഹൻ അബ്ദുൽ മുത്വലിബും , 
പിതൃവ്യൻ അബൂത്വാലിബും നല്കിയ സ്നേഹം 
മുഹമ്മദ് ഇരട്ടിയായി തിരിച്ചു കൊടുത്തു.

ഖദീജ ബീവി വന്നപ്പോഴാണ്‌ നബിയുടെ മേൽ 
സ്നേഹം പെയ്തിറങ്ങിയത്. നബിക്കു ഭാര്യ 
മാത്രമായിരുന്നില്ല ബീവി, മാതാപിതാക്കളും 
ആയിരുന്നു. ബീവിയുടെ മരണം കഴിഞ്ഞ് 
വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മകളിൽ പോലും 
നബി ആ സ്നേഹം നിറച്ചു.

ഒരിക്കൽ ഒരു വൃദ്ധ വരുന്നത് കണ്ട നബി ﷺ
'' അല്ലാഹ് ആരിത് ഹാല, ഹാല?''

എന്നും പറഞ്ഞു ഓടി ച്ചെന്നു
ആദരിച്ചു സന്തോഷിപ്പിച്ചു തിരിച്ചയച്ചത് 
കണ്ടു പത്നി ആയിഷ ചോദിച്ചു

''നബിയെ അതങ്ങയുടെ അടുത്ത ബന്ധു 
വല്ലവരുമാണോ?''

നബി ﷺ പറഞ്ഞു
''അല്ല ആയിഷ, കദീജ ഉള്ളപ്പോൾ ഹാല വരാറുണ്ട്,
കദീജയ്ക്കവരെ വലിയ ഇഷ്ടമായിരുന്നു !''

നബിയെ കൊല്ലാൻ മക്കക്കാർ തീരുമാനിച്ച 
രാത്രിയിൽ മക്ക വിടും മുൻപ് മുത്തു നബി 
ചെയ്തത്, തനിക്ക് സൂക്ഷിക്കാൻ ഏല്പ്പിച്ച 
മക്കക്കാരുടെ പണമെല്ലാം കണക്കെഴുതി 
കിഴികളാക്കി അലിയെ എല്പ്പിക്കുകയായിരുന്നു.
നബിയെ കൊല്ലാൻ വരുന്നവരുടെ വലിയ തുകകളും 
അതിലുണ്ടായിരുന്നു...!

മനസ്സിനു കുഷ്ഠം ബാധിച്ച ആളുകൾക്ക് 
ആ നന്മ മനസ്സിലായില്ല.
ഇനി മനസ്സിലാവുകയുമില്ല..

മരുഭൂമിയിൽ മരിച്ച ഉമ്മാന്‍റെ മയ്യിത്ത് 
നോക്കി എങ്ങിക്കരഞ്ഞ അഞ്ചു വയസ്സുകാരൻ , 
തന്‍റെ അറുപതാം വയസ്സിലും പാതിരാത്രിയിൽ 
ആരും കാണാതെ ഉമ്മാന്‍റെ ഖബറിൽ ചെന്ന് 

'മുഹമ്മദാണ് ഉമ്മാ '' എന്നും പറഞ്ഞ് എങ്ങിക്കരയുമായിരുന്നു.

ഏതൊരു സ്ത്രീയാണോ അന്നാ മരണത്തിനു 
സാക്ഷിയായത്.., ആ വേലക്കാരി,
അവരുടെ മരണം വരെ മുഹമ്മദിനാൽ സംരക്ഷിക്കപെട്ടു . 
മരണസമയത്ത് ആ സ്ത്രീ പറഞ്ഞത്രേ..

''പൊന്നുമോനെ, നീ നബിയായിട്ടും...ഏങ്ങിക്കരയുന്ന 
ആ അഞ്ചുവയസ്സുകാരന്‍റെ മുഖംതന്നെയാണല്ലോ നിനക്കിപ്പോഴുമുള്ളത്''

അതെ പോലെ ഹലീമ എന്ന ''ഉമ്മ'' യേയും നബി ﷺ 
സംരക്ഷിച്ചു. നബിയിൽ വിശ്വസിക്കവേ അവർ പറഞ്ഞത്..
''ഈ മക്കയിൽ എന്‍റെ മോനെയല്ലാതെ 
ദൈവം ആരെ നബിയാക്കാനാണ് ?''

അന്ത്യ പ്രവാചകനാക്കി തന്നെ അനുഗ്രഹിച്ച
നാഥനു നിസ്കരിച്ചു നീരു വന്ന കാലുമായി, 
നോമ്പ് എടുത്ത് പട്ടിണി കിടന്ന വയറുമായി 
നടന്നിട്ടും നബിക്കു ത്യപ്തി വന്നില്ല.
'' ഞാൻ എന്‍റെ നാഥനോട് നന്ദി കാണിക്കേണ്ടേ ആയിഷാ ?''
എന്ന് അവിടുന്നു പറയുമായിരുന്നു.

പക്ഷെ , ഏതു സ്നേഹവും ഉറവെടുക്കുന്ന 
അല്ലാഹു ആ സ്നേഹം ഉടനെ നബിക്കു 
തിരിചു നല്കി. അതാകുന്നു സ്വലാത്ത്!

മഹാ മന്ത്രം !! സകല ദു:ഖങ്ങൾക്കുമുള്ള പ്രതിവിധി !!!
ആത്മഹത്യയിൽ മുഹമ്മദിന്‍റെ അനുയായികൾ 
ഇന്നും ഒരു ശതമാനം പോലും ഇല്ലാത്തതിന്‍റെ 
ഉത്തരമാണ്‌ സ്വലാത്ത്.


സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
സ്വല്ലല്ലാഹു. അലൈഹിവസല്ലം..!

( നബിയുടെ മേൽ ദൈവ ശാന്തിയും, കാരുണ്യവും വർഷിക്കട്ടെ )

ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലുന്ന ആളുടെ മേൾ 
ദൈവം പത്തു പ്രാവശ്യം ശാന്തി വർഷിക്കും. 
ദൈവം ശാന്തി വർഷിച്ചാൽ
പിന്നവിടെ ദു:ഖമില്ല.
ഇന്നും ഒരു പാടു സഹോദരീ സഹോദരന്മാരുടെ 
തുറുപ്പു ശീട്ടാണു സ്വലാത്ത്. ദിവസം 
നൂറു തവണയെങ്കിലും രാവും പകലും 
പതിവാക്കിയാൽ അറിയാം അതിന്‍റെ മഹത്വം.

അതു ചൊല്ലുമ്പോൾ ഓർക്കുക..

ആർക്കും വേണ്ടാതെ കിടന്ന ആ പിഞ്ചു പൈതലിനെ..
മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് കെട്ടിപ്പിടിച്ചു
കരയുന്ന ആ ബാലനെ..
മണലാരണ്യത്തിൽ ഒറ്റയ്ക്കിരികുന്ന ഒരു യുവാവിനെ..

ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടും.. 
തന്‍റെ മരണ വേദനയിൽ പോലും.. 
മുത്തു നബി, പുണ്യ നബി , 
പുന്നാര പൂമുത്തായ മുഹമ്മദ്‌ നബി ﷺ 
ഓർത്തത് നമ്മെയാണ്‌..

'' എന്‍റെ ഉമ്മത്തീ.. എന്‍റെ ഉമ്മത്തീ.. അല്ലാഹുവേ 
എന്‍റെ ഉമ്മത്തിനെ നീ കൈ വിടരുതേ...”

എണ്ണമില്ലാത്ത സ്വലാത്തുകളിലൂടെ ആ സ്നേഹം
നാം തിരിച്ചു കൊടുക്കുക..

'' അല്ലാഹുവേ എന്‍റെ നബിയെ സ്നേഹിക്കുന്നവരെ, പട്ടിണിപ്പാവമെങ്കിൽ പോലും.. നീ എന്നോട്
ചേർത്തു നിർത്തുക...
നബിയെ വെറുക്കുന്നവരെ.., 
അതൊരു ചക്രവർത്തിയാണെങ്കിൽ പോലും.. 
നീ എന്നിൽ നിന്നും അകറ്റി നിർത്തുക..
എന്‍റെ സ്നേഹത്തിന്‍റെ അളവുകോൽ മുഹമ്മദാക്കുക..
എന്‍റെ ഹൃദയത്തിൽ മുഹമ്മദെന്നു നീ മുദ്ര വെക്കുക..''

നാഥാ.. മറ്റാർക്കും നല്കാത്ത പദവികളും, അനുഗ്രഹങ്ങളും
എന്‍റെ നബിക്ക് വർഷിക്കുക. ഞങ്ങളുടെ സ്നേഹവും, 
സ്വലാതും, നനമകളും, അവിടുത്തെ അറിയിക്കുക..
അവിടുന്ന് കാണാൻ ആഗ്രഹിക്കുന്ന,സ്നേഹിക്കുന്ന 
ആ വിഭാഗത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തുക..

'' അല്ലയോ ശിഷ്യരേ, എന്‍റെ ചില അനുയായികൾ 
വരാനിരിക്കുന്നു...
അവരെന്നെ കണ്ടിട്ടില്ല, 
എന്നിട്ടും അവരെന്നിൽ വിശ്വസിക്കുന്നു.. 
എന്നെ അവർ അന്ധമായി സ്നേഹിക്കുന്നു.. 
ഞാനവരെയും സ്നേഹിക്കുന്നു.. 
അവരെന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നു.. 
ഞാൻ അവരേയും കാണാൻ അതിയായി ആഗ്രഹിക്കുന്നു.. 
അവരെന്നിൽ പെട്ടവരാണ്...ഞാൻ അവരിലും പെട്ടവനാണ് ..''

Swallallaahu ala muhammed swallallahi alaihi vasallam

No comments: