Monday, September 14, 2015

എന്താണ് ഉദുഹിയ്യത്ത്‌❓

എന്താണ് ഉദുഹിയ്യത്ത്‌❓
ഉദ്ഹിയത്ത് അറുക്കേണ്ടവർ ആര്❓
ഉദ്ഹിയ്യത്ത് എങ്ങനെ അറുക്കാം❓
മൃഗം എങ്ങനെയുള്ളതായിരിക്കണം❓
അറുക്കേണ്ട സമയം⌚
എപ്പോൾ ❓
മാംസ വിതരണം എങ്ങനെ❓
അറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്‌❓
അറവിനു പാലിക്കേണ്ട
നിയമങ്ങൾ ❓
__________________________
എന്താണ് ഉദുഹിയ്യത്ത്‌❓
__________________________
➡ദുൽഹജ്ജ്‌ പത്ത്‌ ബലിദിനം (യൗമുന്നഹ്‚റ്)  എന്ന്‌ പ്രവാചകൻ(സ്വ) ഹദീസിലൂടെ വ്യക്തമാക്കിയതിൽ നിന്നുതന്നെ, അന്ന്‌ നിർവ്വഹിക്കാനുള്ള പ്രധാനപ്പെട്ട കർമ്മം ബലികർമ്മം (ഉദുഹിയ്യത്ത്‌) ആണെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.
_________________________
ഉദ്ഹിയത്ത് അറുക്കേണ്ടവർ ആര്❓
_________________________
➡ നബി(സ്വ)പറഞ്ഞു: ‘കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത്‌ നിർവ്വഹിക്കാത്തവർ നമ്മുടെ പെരുന്നാൾ നമസ്കാരസ്ഥലത്തേക്ക്‌ പോലും അടുക്കേണ്ടതില്ല’
(അഹ്മദ്‌, ഇബ്നുമാജ:)

അത്തരക്കാർക്ക്‌, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടേയും കുടുംബത്തിന്റേയും ചരിത്രം അയവിറക്കി പെരുന്നാൾ ആഘോഷിക്കാൻ പോലും അർഹതയില്ല. വർഷത്തിൽ ഒരു തവണ മാത്രമാണ്‌ നമ്മോട്‌, നമുക്ക്‌ ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നൽകി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങിനെയൊരു കാര്യം ആവശ്യപ്പെടുന്നത്‌!

എന്നിട്ടും അത്‌ അവഗണിച്ച്‌ അതിൽ നിന്നും തിരിഞ്ഞുകളയുന്നു.!? ➡ചിന്തിക്കുക… പലപ്പോഴും ഐഹികജീവിതത്തിന്‌ പോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളിൽ ഓരോ വർഷവും നാം എത്രപണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അത്കൊണ്ട്‌ ഇപ്പോൾ തന്നെ ഒരു തീരുമാനമെടുക്കുക, കൊല്ലത്തിൽ ഒരു സംഖ്യ ഞാൻ ഉദുഹിയ്യത്തിനായി മാറ്റിവെച്ച്‌, തഖ്‌വയുള്ളവനായി ജീവിച്ച്‌, തനിക്കും തന്നെ ആശ്രയിച്ച്‌ ജീവിക്കുന്ന തന്റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാൾ ആഘോഷിക്കുവാനും, ഞാൻ മുസ്ലിംകളിൽപെട്ടവനാണ്‌ എന്ന പ്രതിജ്ഞ യാഥാർത്ഥ്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.
______________________
ഉദ്ഹിയ്യത്ത് എങ്ങനെ അറുക്കാം❓
______________________
➡ഒട്ടകം, മാട്‌ വർഗ്ഗം എന്നിവയിൽ ഏഴ്‌ പേർക്ക്‌ വരെ പങ്ക്ചേർന്ന്‌  അറുക്കുവാൻ ഇസ്ലാം സൗകര്യം ചെയ്തുതന്നിരിക്കുന്നു.
എന്നിട്ടെങ്കിലും ഈ പുണ്യകർമ്മത്തിൽ കൂടുതൽ ആളുകൾക്ക്‌ പങ്കെടുക്കാൻ കഴിയുന്നതിന്‌ വേണ്ടിയത്രെ ഇത്‌.

എന്നാൽ ആടിൽ ഒന്നിലധികം ആളുകൾക്ക്‌ പങ്ക്ചേരാവതല്ല.

അതുപോലെ ഒരാൾക്ക്‌ ഒരു മൃഗത്തെ തന്നെ, തനിക്കും തന്റെ കുടുംബത്തിനും കൂടി അറുക്കാവുന്നതാണ്‌.

അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട്‌ ചെയ്യുന്നു: ‘നബി(സ്വ)യുടെ കാലത്ത്‌ ഒരാൾ തനിക്കും തന്റെ വീട്ടുകാർക്കും കൂടി ഒരാടിനെ ബലിയറുക്കുകയും, അവരതിൽ നിന്ന്‌ ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു’.
(ഇബ്നുമാജ:, തുർമുദി)
____________________________
മൃഗം എങ്ങനെയുള്ളതായിരിക്കണം❓
____________________________
കഴിവതും തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങൾ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ ഹദീഥുകളിൽ കാണാവുന്നതാണ്‌.

നബി(സ്വ)പറഞ്ഞു: ‘കണ്ണിന് തകരാറുകളുള്ളത്‌, രോഗം പ്രകടമായത്‌, മുടന്തുകാലുള്ളത്‌, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങൾ ബലിയറുക്കാൻ അനുവദനീയമല്ല’
(അഹ്മദ്‌).
_________________________
അറുക്കേണ്ട സമയം⌚
എപ്പോൾ ❓
_________________________
⏰പെരുന്നാൾ നമസ്കാരശേഷം മാത്രമേ അറുക്കൽ അനുവദിക്ക പ്പെടുന്നുള്ളൂ.

നബി(സ്വ) പറഞ്ഞു:
‘ഈ ദിവസത്തിൽ ആദ്യമായി നാം നിർവ്വഹിക്കുന്നത്‌ നമസ്കാരമാണ്‌. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങിനെ ആരെങ്കിലും പ്രവർത്തിച്ചാൽ അവൻ നമ്മുടെ സുന്നത്ത്‌ പിൻപറ്റി. ആരെങ്കിലും നമസ്കാരത്തിനുമുമ്പ്‌ അറുത്താൽ അത്‌ തന്റെ വീട്ടുകാർക്ക്‌ മാംസത്തിനു വേണ്ടി മാത്രമായിരിക്കും, ഉദുഹിയ്യത്തിൽ അതുൾപ്പെടുന്നതല്ല’.
(മുസ്ലിം)

ദുൽഹജ്ജ്‌ പത്തിന്‌ യൗമുന്നഹ്‚ർ (ബലിദിനം) എന്ന്‌ പേര്‌ നൽകപ്പെട്ടതിനാൽ പ്രസ്തുതദിനം തന്നെയാണ്‌ അറവിന്നേറ്റവും ഉത്തമമായത്‌ എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ അയ്യാമുത്തശ്‌രീഖ്‌ എന്നറിയപ്പെടുന്ന ദുൽഹജ്ജ്‌ പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമൂന്ന്‌ എന്നീ ദിവസങ്ങളിലും അറുക്കുന്നതിന്‌ വിരോധമില്ല.
_________________________
മാംസ വിതരണം എങ്ങനെ❓
_________________________
“അവയുടെ (നിങ്ങൾ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതല്ല. എന്നാൽ നിങ്ങളുടെ തഖ്‌വ(ധർമ്മനിഷ്ഠ)യാണ്‌ അവന്റെയടുത്ത്‌ എത്തുന്നത്‌”
(ഖുർആൻ 22/37)

മാംസം വിതരണം ചെയ്യുന്നതിന്‌ പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല.

ബലിയെ സംബന്ധിച്ച്‌ പറയുന്നിടത്ത്‌ വിശുദ്ധ ഖുർആൻ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്‌.
‘ആ ബലിയൊട്ടകങ്ങൾ പാർശ്വങ്ങളിൽ വീണുകഴിഞ്ഞാൽ അവയിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടുവരുന്നവനും നിങ്ങൾ ഭക്ഷിപ്പിക്കുകയും ചെയ്യുക’
(ഹജ്ജ്‌:36). 

‘നിങ്ങൾ അതിൽനിന്ന്‌ ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക’
(ഹജ്ജ്‌: 28).

ഇവിടെ നൽകപ്പെടേണ്ടവർ ▫പാവപ്പെട്ടവർ,
▫ യാചിച്ചുവരുന്നവർ എന്ന്‌ മാത്രമാണ്‌ ഖുർആൻ പറഞ്ഞിട്ടുള്ള നിബന്ധനകൾ.

അപ്രകാരം, ‘നിങ്ങൾ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക’
(തുർമുദി) 
എന്നുമാത്രമാണ്‌ ഹദീഥുകളിലും വന്നിട്ടുള്ളത്‌.

ഇവിടെയെല്ലാം നിരുപാധികമായ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളതിനാൽ, അൽപം ഭക്ഷിക്കാൻ എടുക്കുകയും ബാക്കി ആവശ്യക്കാർക്കും, ദരിദ്രർക്കും വിതരണം ചെയ്യുകയുമാണ്‌ വേണ്ടത്‌ എന്നാണ്‌ വ്യക്തമാകുന്നത്‌.

❎അറവുകാരന്‌ കൂലിയെന്ന നിലക്ക്‌ മാംസമോ, മൃഗത്തിന്റെ തോലോ നൽകരുതെന്ന്‌ പ്രത്യേകം, ഹദീഥുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌.

അലി(റ)പറയുന്നു:
‘നബി(സ്വ) തന്റെ ഒട്ടകത്തിന്റെ കാര്യം നിർവ്വഹിക്കാനും, അതിന്റെ മാംസവും തോലും അതി​ന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട്‌ കൽപ്പിച്ചു. അതിൽ നിന്ന്‌ ഒരു വസ്തുവും അറവുകാർക്ക്‌ കൂലിയായി നൽകരുതെന്നും കൽപ്പിച്ചു. ഞങ്ങൾ അവർക്ക്‌ കൂലിയായി വേറെ സ്വന്തമായി നൽകുകയാണ്‌ ചെയ്തിരുന്നത്‌’
(ബുഖാരി, മുസ്ലിം).
➡ഇക്കാര്യം നാമും നമ്മുടെ അറവു സമയത്ത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
__________________________
അറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്‌❓
__________________________
ഉദ്‚ഹിയ്യത്ത്‌ കർമ്മം ഉദ്ദേശിക്കുന്നവർ ദുൽഹജ്ജ്മാസം പിറന്നു കഴിഞ്ഞാൽ തന്റെ ശരീരഭാഗങ്ങളിൽ നിന്ന്‌ രോമങ്ങൾ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല.

ഉമ്മുസൽമ(റ)യിൽനിന്ന്‌;
നബി(സ്വ) പറഞ്ഞു: ‘നിങ്ങളിൽ ആരെങ്കിലും ഉദുഹിയ്യത്ത്‌ ഉദ്ദേശിക്കുന്നുവെങ്കിൽ ദുൽഹജ്ജ്‌ മാസപ്പിറവി കണ്ടു കഴിഞ്ഞാൽ അറവു നടത്തുന്നത്‌ വരെ അവന്റെ ശരീരത്തിൽനിന്ന്‌ മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത്‌ നിർത്തിവെക്കേണ്ടതാണ്‌’
(മുസ്ലിം)

  കഴിവതും സ്വന്തമായിതന്നെ അറുക്കലാണ്‌ ഏറ്റവും ഉത്തമം. അതിന്‌ പ്രയാസമുള്ളവർ അറവു നടത്തുന്നിടത്ത്‌ ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.
_________________________
അറവിനു പാലിക്കേണ്ട
നിയമങ്ങൾ ❓
________________________
അറവിന്‌ സാധാരണ അറവിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്‌.

▫അറു ക്കുമ്പോൾബിസ്മില്ലാഹി വല്ലാഹുഅക്ബർ എന്ന്‌ പറഞ്ഞ്‌ കൊണ്ടായിരിക്കണം അറുക്കേണ്ടത്‌.
പ്രവാചകൻ(സ്വ) അപ്രകാരമായിരുന്നു നിർവ്വഹിച്ചിരുന്നത്‌ എന്ന്‌ ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഹദീഥുകളിൽ വന്നിട്ടുണ്ട്.​

കൂടാതെ അറവിന്‌ ശേഷം നബി(സ്വ) ബലിയറുത്തപ്പോൾ
‘അല്ലാഹുമ്മ തഖബ്ബൽ മിൻ മുഹമ്മദിൻ’ (അല്ലാഹുവേ, മുഹമ്മദിൽ നിന്നും ഇത്‌ നീ സ്വീകരിക്കേണമേ) എന്ന്‌ പ്രാർത്ഥിച്ചതായി
(മുസ്ലിമും അബൂദാവൂദ റിപ്പോർട്ടു ചെയ്തിട്ടുള്ളതിനാൽ നാമും)

➡ ‘അല്ലാഹുമ്മ തഖബ്ബൽമിന്നീ’ (നാഥാ, എന്നിൽ നിന്നും ഇത്‌ നീ സ്വീകരിക്കേണമേ) എന്നോ, അതല്ലെങ്കിൽ നമ്മുടെ പേര്‌ പറഞ്ഞോ പ്രാർത്ഥിക്കുന്നത്‌ ഉത്തമമാണ്‌

No comments: